covid-

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം അതീവ ഗുരുതരമായ സ്ഥിതിയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീരദേശത്ത് രോഗം പടരുന്നുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 246 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചവരിൽ 237 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. തീരദേശ മേഖലയായ പുല്ലുവിളയിലും പൂന്തുറയിലും സമൂഹവ്യാപനമാണ് ഉണ്ടായിരിക്കുന്നത്.

പുല്ലുവിളയിൽ 97 പേരെ പരിശോധിച്ചതിൽ 51 പേർക്ക് രോഗം സ്ഥിരീകരിച്ചു. പൂന്തുറയിൽ 50 പേരിൽ 25 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നാല് ആരോഗ്യപ്രവർത്തകർക്കും തലസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തീരദേശത്ത് രോഗവ്യാപനം തടയുന്നതിന് സമ്പൂർണ ലോക്ക്‌‌‌ഡൗൺ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച പ്രഖ്യാപനം നാളെയുണ്ടാകും. തീരദേശത്തെ സോണുകളായി തിരിച്ചായിരിക്കും ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.