
ലണ്ടൻ: കൊവിഡ് വാക്സിൻ പരീക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഗവേഷകരിൽ നിന്ന് റഷ്യ വിവരങ്ങൾ മോഷ്ടിക്കുന്നുവെന്ന ആരോപണവുമായി രാജ്യങ്ങൾ. യു.എസ്, യു.കെ, കാനഡ എന്നീ രാജ്യങ്ങളാണ് റഷ്യയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. റഷ്യൻ രഹസ്യാന്വേഷണ ഏജൻസിക്കായി പ്രവർത്തിക്കുന്ന സംഘമാണിതെന്നും ഇവർ ആരോപിക്കുന്നു. കോസി ബിയർ എന്നറിയപ്പെടുന്ന എ.പി.ടി29 എന്ന ഹാക്കിംഗ് ഗ്രൂപ്പാണ് വിവരങ്ങൾ ചോർത്തുന്നതെന്ന് റിപ്പോർട്ടുണ്ട്. യുഎസിലെയും കാനഡയിലെയും അധികാരികളെ ഏകോപിപ്പിച്ച് ബ്രിട്ടീഷ് ദേശീയ സൈബർ സുരക്ഷാ കേന്ദ്രമാണ് ഈ പ്രഖ്യാപനം നടത്തിയത്. ഏതെങ്കിലും കൊവിഡ് വാക്സിൻ ഗവേഷകരുടെ വിവരങ്ങൾ മോഷ്ടിക്കപ്പെട്ടോ എന്ന കാര്യത്തിൽ വ്യക്തയില്ല. 2016ലെ അമേരിക്കൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇ-മെയിലുകള്‍ മോഷ്ടിച്ച ഹാക്കിംഗ് ഗ്രൂപ്പാണ് കോസി ബിയർ എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വാക്‌സിൻ വികസന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങൾക്ക് നേരെയാണ് എ.പി.ടി29 ന്റെ സൈബർ ആക്രമണം ഉണ്ടായിരിക്കുന്നത്.