ന്യൂഡൽഹി: ഗുണ്ടാത്തലവൻ വികാസ് ദുബെയെ പൊലീസ് കൊലപ്പെടുത്തിയ കേസിൽ വീശദീകരണവുമായി ഉത്തർ പ്രദേശ് സർക്കാർ. വികാസ് കീഴടങ്ങാൻ തയ്യാറാകാതെ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തതിനാലാണ് സ്വയരക്ഷയ്ക്കായി പൊലീസിന് തിരികെ വെടിവയ്ക്കേണ്ടിവന്നതെന്ന് ഉത്തർ പ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞു.
വികാസുമായി കാൺപൂരിൽ നിന്നും ഉജ്ജയിനിയിലേക്ക് പോയ പൊലീസ് വാഹനം ശക്തമായ മഴയെ തുടർന്ന് അപകടത്തിൽപെടുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടെ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനിൽ നിന്നും തോക്ക് തട്ടിയെടുത്ത ശേഷം ഇയാൾ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. വികാസിനോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും പ്രതി അതിന് തയ്യാറാകാതെ പൊലീസിന് നേരെ വെടിയുതിർത്തു. മറ്റൊരു മാർഗവും ഇല്ലാതിരുന്ന സാഹചര്യത്തിൽ സ്വയരക്ഷക്കായാണ് പൊലീസ് തിരികെ വെടിയുതിർത്തതെന്നുമാണ് ഉത്തർ പ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കിയത്. ഇതിനോടകം തന്നെ സംഭവവുമായി ബന്ധപ്പെട്ട് ഒരു അന്വേഷണ കമ്മീഷൻ രൂപീകരിച്ചിട്ടുണ്ട്.
ജൂലായ് 10 നാണ് വികാസ് ദുബെയെ പൊലീസ് വെടിവച്ചു കൊല്ലുന്നത്. ഡി.എസ്.പി.ദേവേന്ദ്ര മിസ്ര ഉൾപ്പെടെ എട്ട് പൊലീസുകാരെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലാണ് വികാസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.ഹെെദ്രാബാദിൽ നടന്ന പൊലീസ് എൻകൗണ്ടറിൽ നിന്നും ഈ കേസിന് ഏറെ വ്യത്യാസമുണ്ടെന്നും ഉത്തർ പ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞു. കേസിന്റെ വാദം സുപ്രീം കോടതി ജൂലായ് 20 ലേക്ക് മാറ്റി.