സിഡ്നി: ആസ്ട്രേലിയയിൽ പിതാവിനൊപ്പം മീൻ പിടിക്കാൻ പോയ പത്തു വയസുകാരനെ ബോട്ടിൽ നിന്ന് കടിച്ചെടുത്ത് കടലിലേക്ക് മുങ്ങിയ സ്രാവിന്റെ വായിൽ അതിസാഹസികമായി മകനെ രക്ഷിച്ച് പിതാവ്. കുട്ടിയെ ബോട്ടിൽ നിന്ന് സ്രാവ് കടലിലേക്കു വലിച്ചിട്ടതിന് തൊട്ടുപിന്നാലെ കുട്ടിയുടെ അച്ഛൻ കടലിലേക്ക് ചാടി. ഇതോടെ കുട്ടിയെ ഉപേക്ഷിച്ച് സ്രാവ് കടലിന്റെ ആഴത്തിലേക്ക് മറയുകയായിരുന്നു. ടാസ്‌മാനിയ ദ്വീപിന്റെ തീരപ്രദേശത്താണ് സംഭവം.
കയ്യിലും നെഞ്ചിലും തലയിലും മുറിവുകളുണ്ടെങ്കിലും കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ടാസ്‌മാനിയ പ്രാദേശിക ഭരണകൂടം അറിയിച്ചു. സുരക്ഷാ വസ്ത്രങ്ങൾ ധരിച്ച് പിതാവിനും മറ്റു രണ്ടു മീൻ പിടിത്തക്കാർക്കുമൊപ്പമായിരുന്നു കുട്ടി കടലിൽ പോയത്.
തീരത്തുനിന്ന് അഞ്ച് കിലോമീറ്റർ (മൂന്ന് മൈൽ) അകലെ സംഘം മീൻപിടിക്കുന്നതിനിടെയായിരുന്നു സ്രാവിന്റെ ആക്രമണം. കുതിച്ചെത്തിയ സ്രാവ് കുട്ടിയെ ബോട്ടിൽനിന്ന് കടിച്ച് കടലിലേക്കു വലിക്കുകയായിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ സ്രാവ് ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ആസ്ട്രേലിയ. ഈ വർഷം ഇതുവരെ അഞ്ച് പേരാണ് സ്രാവ് ആക്രമണങ്ങളിൽ മരിച്ചത്. കഴിഞ്ഞ ആഴ്ച ആസ്ട്രേലിയയുടെ കിഴക്കൻ തീരത്ത് സ്രാവ് ആക്രമണത്തിൽ 15 വയസുകാരൻ കൊല്ലപ്പെട്ടിരുന്നു.