elon-musk

മറ്റൊരു പുറമേക്കുള്ള സംവിധാനങ്ങളുടെയും പിന്തുണയില്ലാതെ മനുഷ്യർക്ക് പരസ്പരം ആശയവിനിമയം നടത്താനുള്ള വഴികളെ കുറിച്ചുള്ള അന്വേഷണങ്ങൾ ശാസ്ത്രരംഗത്ത് ആരംഭിച്ചിട്ട് നാളുകളേറെയായി. ഇക്കാര്യത്തിൽ കാര്യമായ പുരോഗതിയൊന്നും നേടാൻ കഴിയാതിരുന്ന ഒരു സാഹചര്യത്തിലാണ് സ്‌പെയ്‌സ് എക്സ്, ടെസ്ല എന്നീ സംരംഭങ്ങളുടെ സ്ഥാപകനായ ഇലോൺ മസ്ക് രംഗപ്രവേശം ചെയ്യുന്നത്.

തന്റെ 'ന്യൂറാലിങ്ക്' എന്ന പദ്ധതിയുമായി. എന്നാൽ 2016ൽ തുടക്കമിട്ട ഈ പദ്ധതിയിലൂടെ മനുഷ്യർതമ്മിലുള്ള ആശയവിനിമയമല്ല, പ്രധാനമായും ഉദ്ദേശിക്കുന്നത്.അത് പദ്ധതിയുടെ ഒരു ഭാഗമാണെങ്കിൽ കൂടി, മനുഷ്യമനസിനെ ബുദ്ധിമുട്ടിലാകുന്ന വിഷാദരോഗം, അമിതാസക്തി എന്നിവയ്ക്കുള്ള പരിഹാരം എന്ന നിലയിലാണ് മസ്ക് 'ന്യൂറാലിങ്ക്' പദ്ധതിയെ നോക്കിക്കാണുന്നത്. ഈ രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളെ 'റീട്രെയ്ൻ' ചെയ്തുകൊണ്ട് രോഗങ്ങളെ ഇല്ലായ്മ ചെയ്യുകയാണ് മസ്കിന്റെ ലക്ഷ്യം.

'ന്യൂറാലിങ്ക്' ബ്രെയിൻ ചിപ്പിനായി മുടിനാരിനേക്കാൾ പത്ത് മടങ്ങ് നേർത്ത 'വയറുകൾ' വികസിപ്പിച്ചെടുക്കുന്ന പക്രിയയിലാണ് മസ്ക് ഇപ്പോൾ. ഇക്കാര്യത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ മസ്ക് മടിക്കുന്നുണ്ടെങ്കിലും തന്റെ ട്വിറ്റർ ഹാൻഡിൽ വഴി പദ്ധതിയെ കുറിച്ചുള്ള ശക്തമായ സൂചനകൾ ഇദ്ദേഹം നൽകുന്നുണ്ട്.

ഇൻസ്റ്റാഗ്രാം വഴി പദ്ധതിയെക്കുറിച്ച് സംശയങ്ങൾ ചോദിക്കുന്നവർക്ക് മസ്ക് നൽകുന്ന മറുപടികളിലാണ് ഇതേക്കുറിച്ചുള്ള സൂചനകൾ ഒളിഞ്ഞിരിക്കുന്നത്. 'ന്യൂറാലിങ്ക്' ഒരേസമയം 'ഗംഭീരവും ഭയപ്പെടുത്തുന്നതു'മാണെന്നാണ് മസ്ക് പറയുന്നത്. ഏതായാലും 'സൈ ഫൈ' സിനിമകളിലൂടെ മാത്രം നാം കണ്ടുശീലിച്ച താലച്ചോറിനു വേണ്ടിയുള്ള കംപ്യൂട്ടർ ചിപ്പുകൾ അധികം വൈകാതെ തന്നെ രംഗത്തെത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാവുന്നതാണ്.