കൊച്ചി: ഫെഡറൽ ബാങ്കിന്റെ മാനേജിംഗ് ഡയറക്‌ടർ ആൻഡ് സി.ഇ.ഒ പദവിയിൽ ശ്യാം ശ്രീനിവാസന് തുടർനിയമനം നൽകാൻ റിസർവ് ബാങ്കിന്റെ അനുമതി. 2021 സെപ്‌തംബർ 22വരെ അദ്ദേഹത്തിന് തുടരാം. 2010 സെപ്‌തംബർ 23നാണ് അദ്ദേഹം ബാങ്കിന്റെ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായി ചുമതലയേറ്രത്.
തമിഴ്‌നാട് സ്വദേശിയായ ശ്യാം ശ്രീനിവാസൻ, ഇന്ത്യയിലും വിദേശത്തുമായി ഒട്ടേറെ ആഗോളസാന്നിദ്ധ്യമുള്ള ബാങ്കുകളിൽ 20 വർഷത്തോളം പ്രവർത്തിച്ച ശേഷമാണ് ഫെഡറൽ ബാങ്കിൽ എത്തുന്നത്. റീട്ടെയിൽ വായ്പ, എസ്.എം.ഇ ബാങ്കിംഗ്, വെൽത്ത് മാനേജ്‌മെന്റ് എന്നിവയിൽ അദ്ദേഹത്തിന് മികച്ച വൈദഗ്ദ്ധ്യമുണ്ട്. റീജിയണൽ കോളേജ് തിരുച്ചിറപ്പിള്ളി, ഐ.ഐ.എം കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്ന് ബിരുദം നേടിയ ശേഷമാണ് ശ്യാം ശ്രീനിവാസൻ ബാങ്കിംഗ് രംഗത്തേക്ക് ചുവടുവച്ചത്.