ന്യൂയോർക്ക്: മുഖത്ത് ഗുരുതര പരിക്കേറ്റിട്ടും സഹോദരിയെ നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷിച്ച ആറ് വയസുകാരൻ ബ്രിഡ്ജ് വാൾക്കറിന് ആദരവുമായി ഹോളിവുഡ് സൂപ്പർ താരമായ ക്രിസ് ഇവാൻസ്. അവെൻഞ്ചേഴ്സിലെ പ്രധാന കഥാപാത്രമായ ക്യാപ്ടൻ അമേരിക്കയായി വേഷമിട്ട് ശ്രദ്ധേയനായ നടനാണ് ക്രിസ് ഇവാൻസ്. ലോക ബോക്സിംഗ് കൗൺസിൽ ഓണററി ലോക ചാമ്പ്യൻ അവാർഡ് നൽകി ആദരിച്ചതോടെയാണ് ബ്രിഡ്ജ് താരമാകുന്നത്.
ബ്രിഡ്ജ് മാതാപിതാക്കളുടെ അഭിമാനമാണെന്നും താരമാണെന്നും മുറിവേറ്റിട്ടും സഹോദരിയെ രക്ഷിച്ച ബ്രിഡ്ജ് യഥാർത്ഥ ധീരനാണെന്നും ക്രിസ് ഇവാൻസ് പറഞ്ഞു. വീഡിയോ കോളിലൂടെ ബ്രിഡ്ജിനോടും സഹോദരിയോടും സംസാരിച്ച ക്രിസ് ഇവാൻസ്, ബ്രിഡ്ജിന് തന്റെ കഥാപാത്രം ഉപയോഗിക്കുന്ന ഷീൽഡ് സമ്മാനമായി നൽകുമെന്നും പറഞ്ഞു.
നായയിൽ നിന്ന് അനുജത്തിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പരിക്കേറ്റ ബ്രിഡ്ജിന്റെ മുഖത്ത് 90 തുന്നിക്കെട്ടലുകളാണ് ഇടേണ്ടി വന്നത്. സംഭവം വാർത്തയായതിന് പിന്നാലെ യഥാർത്ഥ സൂപ്പർഹീറോ ബ്രിഡ്ജ് ആണെന്ന് നിരവധി ഹോളിവുഡ് താരങ്ങൾ പ്രതികരിച്ചിരുന്നു.