വാഷിംഗ്ടൺ: ചൈനയിലേയും ഇന്ത്യയിലേയും ജനങ്ങളെ സ്നേഹിക്കുന്നുവെന്നും അവരുടെ സമാധാനത്തിനായി സാധ്യമായതെല്ലാം ചെയ്യാൻ തയ്യാറാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വക്താവ് പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ചൈനയ്ക്കെതിരെ ഇന്ത്യയെ പിന്തുണയ്ക്കുന്ന നിലപാടാണ് ട്രംപ് ഭരണകൂടം സ്വീകരിച്ചിട്ടുള്ളത്. ലഡാക്കിലെ ഇന്ത്യ ചൈന സംഘർഷത്തിന് പിന്നാലെ ഇന്ത്യയിലെ ജനങ്ങളോടുള്ള ട്രംപിന്റെ സന്ദേശമെന്താണെന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ, അമേരിക്കയുടെ മികച്ച സഖ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി, ട്രംപിന്റെ സുഹൃത്താണെന്നും വൈറ്റ് ഹൌസ് സാമ്പത്തിക ഉപദേഷ്ടാവ് ലാറി കഡ്ലോ വിശദമാക്കിയിരുന്നു. ബുധനാഴ്ച ഇന്ത്യ മികച്ച പങ്കാളിയാണെന്നാണ് യു.എസ് സെക്രട്ടറി മൈക്ക് പോംപിയോയും പ്രതികരിച്ചിരുന്നു.