സെൽഫി സമ്പ്രദായം നിലവിൽ വന്നതോടെ ഓട്ടോഗ്രാഫുകൾക്ക് പ്രചാരണം കുറഞ്ഞുവെങ്കിലും ഇഷ്ട താരങ്ങളുടെയും നേതാക്കൻമാരുടെയും ഓട്ടോഗ്രാഫ് ലഭിച്ചാൽ ആരും വിട്ടുകളയില്ല.എല്ലാവരേയും സന്തോഷിപ്പിക്കുന്ന ഒരു ഓര്‍മയായി അത് വർഷങ്ങളോളം നിലനിൽക്കും. ഇതിനാൽ തന്നെ ഇഷ്ട താരത്തിന്റെ ഒരു ഒപ്പിനുവേണ്ടി മണിക്കൂറുകള്‍ കാത്തിരിക്കാന്‍ വരെ പലരും തയാറാകും. എട്ടാം വയസില്‍ ക്രിക്കറ്റ് താരത്തിൽ നിന്നും ഓട്ടോഗ്രാഫ് വാങ്ങാൻ പോയ അനുഭവം തന്നെ ആഴത്തിൽ വേദനിപ്പിച്ചു എന്ന് പറയുകയാണ് നടന്‍ മാധവൻ. ആ അനുഭവം തന്റെ ചിന്തകളെ പോലും മാറ്റിയെന്നും താരം പറയുന്നു.ഒരു കോണ്‍ക്ലേവിലാണ് താരം തന്റെ വേദനിപ്പിക്കുന്ന ഓട്ടോഗ്രാഫ് അനുഭവം പങ്കുവച്ചത്.
ഒരു ക്രിക്കറ്റ് താരത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങാനാണ് മാധവന്‍ പോയത്. വളരെ സന്തോഷത്തിലാണ് അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നത്. അദ്ദേഹം അവിടെയിരുന്നു സംസാരിക്കുകയായിരുന്നു.അതുവരെ 50 ഓട്ടോഗ്രാഫെങ്കിലും അദ്ദേഹം ഒപ്പിട്ടിട്ടുണ്ടാവും. ഓട്ടോഗ്രാഫ് വാങ്ങി ഒപ്പിട്ടശേഷം അദ്ദേഹം തന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ തിരിച്ചുതന്നുവെന്നും മാധവൻ പറയുന്നു.അദ്ദേഹത്തിന്റെ പ്രവർത്തി ശരിയാണോ തെറ്റാണോ എന്നതല്ല , പക്ഷേ തന്നെ അത് ആഴത്തില്‍ വേദനിപ്പിച്ചുവെന്നും നടൻ പറയുന്നു.തന്റെ ജീവിതത്തില്‍ ആർക്കെങ്കിലും ഓട്ടോഗ്രാഫ് ഒപ്പുവയ്ക്കേണ്ട അവസരമുണ്ടായാൽ അവരുടെ കണ്ണുകളിലേക്ക് നോക്കിയാവും ഓട്ടോഗ്രാഫ് ഒപ്പുവയ്ക്കുകയെന്നും താൻ അന്നു തീരുമാനിച്ചിരുന്നതായി മാധവൻ പറയുന്നു. പ്രപഞ്ചത്തിന്റെ ഗൂഢാലോചന എന്ന് അടിക്കുറിപ്പ് നൽകിയാണ് താരം ഈ വീഡിയോ ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
താരത്തിന്റെ പോസ്റ്റ് നിമിഷങ്ങൾക്കുളളിൽ തന്നെ വൈറലായി.പോസ്റ്റിന് താഴെ നടൻ മാധവനിൽ നിന്നു ഓട്ടോഗ്രാഫ് വാങ്ങിയ അനുഭവം ഒരു ആരാധകൻ പങ്കുവച്ചു. ഓട്ടോഗ്രാഫ് വാങ്ങാനെത്തിയ തന്നോട് മാധവൻ പേരു ചോദിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തതായി ആരാധകൻ കമന്റു ചെയ്തു. നിരവധി താരങ്ങളാണ് പോസ്റ്റിന് പ്രതികരണവുമായി എത്തിയത്.