തിരുവനന്തപുരം: കൊവിഡ് രോഗവുമായി ബന്ധപ്പെട്ട ശാസ്ത്രീയ അടിത്തറയില്ലാത്ത കുപ്രചാരണങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. രോഗം സംബന്ധിച്ച് അശാസ്ത്രീയത പ്രചരിപ്പിക്കപ്പെടാൻ പാടില്ലെന്നും ജീവന്റെ വിലയുള്ള ജാഗ്രതയാണ് ഈ അവസരത്തിൽ ആവശ്യമായിട്ടുള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. രോഗത്തിന് സ്പെഷലൈസ്ഡ് മരുന്ന് ഇനിയും കണ്ടെത്തിയിട്ടില്ലെന്നും വാക്സിൻ വികസിപ്പിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ജലദോഷം പോലത്തെ ഗൗരവമില്ലാത്ത ഒരു രോഗം, ശരീരത്തിൽ പ്രവേശിച്ചാൽ രോഗപ്രതിരോധ ശേഷി കൂടും, കുട്ടികൾക്കു കോവിഡ് ദോഷകരമല്ല, എന്നിങ്ങനെയുള്ള പ്രചാരണങ്ങൾ അടിസ്ഥാനമില്ലാത്തവയാണെന്നും അദ്ദേഹം പറയുന്നു.
'മികച്ച രോഗപ്രതിരോധ ശേഷിയുള്ളവരെ ഇതു ബാധിക്കുകയേയില്ല, ജനസംഖ്യയുടെ ഒരു നിശ്ചിത സംഖ്യയ്ക്കപ്പുറം രോഗബാധയുണ്ടാകില്ല, ഒരിക്കൽ രോഗം വന്നാൽ പിന്നെ വരില്ല, ഇതര രോഗമുള്ളവർ മാത്രമേ കോവിഡ് മൂലം മരിക്കൂ എന്നിങ്ങനെയാണ് പ്രചാരണങ്ങൾ. ഈ പ്രചാരണങ്ങൾക്കൊന്നും ശാസ്ത്രീയ പിന്തുണയില്ലെന്നതാണ് ഇവരോടെല്ലാം പറയാനുള്ളത്' മുഖ്യമന്ത്രി വ്യക്തമാക്കി.
വാക്സിൻ രോഗതിനെതിരെ ഫലപ്രദമാണെന്ന് ഉറപ്പുവരുത്താൻ 12 മുതൽ 18 വരെ മാസങ്ങളാണ് എടുക്കുക. അതേസമയം, കൊവിഡ് വാക്സിൻ സംബന്ധിച്ച ഗവേഷണങ്ങൾ ആരംഭിച്ചിട്ട് ആറ് മാസമേ ആകുന്നുള്ളൂ. വാക്സിൻ പുറത്തിറങ്ങാൻ ഇനിയും സമയമെടുക്കുമെന്നും ശാസ്ത്രലോകത്തിന് നേരത്തെ തന്നെ മരുന്നു ലഭ്യമാക്കാൻ കഴിയട്ടെയെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.