ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ഒരു കോൺഗ്രസ് എം.എൽ.എ കൂടി രാജിവച്ചു. നെപനഗർ മണ്ഡലത്തിലെ എം.എൽ.എ ആയ സുമിത്ര ദേവി കാസ്‌ദേക്കറാണ് എം.എൽ.എ സ്ഥാനം രാജിവച്ചത്.
ദിവസങ്ങൾക്ക് മുമ്പ് മറ്റൊരു എം.എൽ.എ പ്രദ്യുംസിംഗ് രാജിവച്ച് ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെയാണിത്. പ്രദ്യുംസിംഗിനെ കഴിഞ്ഞ ദിവസം ഫുഡ്, സിവിൽ സപ്ലൈ കോർപ്പറേഷൻ ചെയർമാനാക്കി ശിവ്‌രാജ് സിംഗ് ചൗഹാൻ സർക്കാർ നിയമിക്കുകയും ചെയ്തു. അതേ സമയം സുമിത്ര ദേവി പാർട്ടി വിടുന്ന കാര്യം പ്രഖ്യാപിച്ചിട്ടില്ല.
ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം നേരത്തെ കോൺഗ്രസ് വിട്ട 14 പേർ നിലവിൽ ചൗഹാൻ മന്ത്രിസഭയിലുണ്ട്. മാർച്ച് 24-ന് ശേഷം മദ്ധ്യപ്രദേശ് നിയമസഭയിൽ നിന്ന് 24 കോൺഗ്രസ് എം.എൽ.എമാരാണ് രാജിവച്ചിട്ടുള്ളത്. ഇതിൽ 22 പേർ ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം പാർട്ടി വിട്ടവരാണ്.