മാഡ്രിഡ് : കൊവിഡ് 19 വൈറസ് ബാധ കണ്ടെത്തിയതിനെ തുടർന്ന് 100,000 ത്തോളം മിങ്കുകളെ കൊല്ലാനാരുങ്ങി വടക്ക് - കിഴക്കൻ സ്പെയിനിലെ ഫാം. ആരഗോൺ പ്രവിശ്യയിലെ ഒരു മിങ്ക് ഫാം ജീവനക്കാരന്റെ ഭാര്യയ്ക്ക് മേയിൽ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഫാമിലെ മിങ്കുകളിൽ രോഗബാധ കണ്ടെത്തിയത്. സ്ത്രീയുടെ ഭർത്താവ് ഉൾപ്പെടെ ആറ് ഫാം ജീവനക്കാർക്ക് ഇതേവരെ കൊവിഡ് സ്ഥിരീകരിച്ചു.
നീർനായ കുടുംബത്തിൽപ്പെട്ട ജീവികളായ മിങ്കുകളെ രോമത്തിനായാണ് വളർത്തുന്നത്. ജോലിക്കാരിൽ രോഗബാധ കണ്ടെത്തിയതിന് ശേഷം ഫാമിലെ മിങ്കുകളെ ഐസൊലേറ്റ് ചെയ്ത് നിരീക്ഷിച്ചു വരികയായിരുന്നു. ജൂലായ് 13ന് നടത്തിയ പരിശോധനയിൽ ഫാമിലെ 87 ശതമാനം മിങ്കുകൾക്കും കൊവിഡ് ബാധ കണ്ടെത്തി. ഇതോടെ ഫാമിൽ ആകെയുള്ള 92,700 മിങ്കുകളെയും കൊല്ലാൻ അധികൃതർ ഉത്തരവിടുകയായിരുന്നു. മാഡ്രിഡിന് കിഴക്ക് 200 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ ഫാമിന്റെ ഉടമകൾക്ക് നഷ്ടപരിഹാരം നൽകുമെന്നും അധികൃതർ വ്യക്തമാക്കി.
മാഡ്രിഡ്, കാറ്റലോണിയ എന്നിവയ്ക്കൊപ്പം തന്നെ ആരഗോൺ മേഖലയും സ്പെയിനിലെ കൊവിഡ് ഹോട്ട്സ്പോട്ടാണ്. മനുഷ്യരുടെ ജീവൻ അപകടത്തിലാകാതിരിക്കാനും രോഗവ്യാപനം തടയാനുമാണ് മിങ്കുകളെ കൊല്ലുന്നതെന്ന് ഇവിടുത്തെ കൃഷി മന്ത്രിയായ വാകീൻ ഒലോന പറഞ്ഞു. മിങ്കുകളിൽ നിന്നും മനുഷ്യരിലേക്കും മനുഷ്യരിൽ നിന്നും മിങ്കുകളിലേക്കും രോഗം പകരാം. അതേ സമയം, ആരഗോണിലെ ഫാമിലെ മിങ്കുകളിൽ നിന്നാണോ ജോലിക്കാർക്ക് രോഗം ബാധിച്ചതെന്നോ, അതോ ജോലിക്കാരിൽ നിന്നാണോ മിങ്കുകളിൽ വൈറസ് സാന്നിദ്ധ്യം ഉണ്ടായതെന്നോ കണ്ടെത്തിയിട്ടില്ല.
യൂറോപ്പിലുടെനീളം ഫാമുകളിൽ 10 ലക്ഷത്തോളം മിങ്കുകൾക്കാണ് രോഗബാധ കണ്ടെത്തിയത്. ഇതേ പറ്റി പഠനങ്ങൾ നടക്കുകയാണ്. നെതർലൻഡ്സിലും ഡെൻമാർക്കിലുമാണ് ഏറ്റവും കൂടുതൽ മിങ്കുകൾക്ക് രോഗബാധ കണ്ടെത്തിയത്. മേയിൽ നെതർലൻഡ്സിൽ കൊവിഡ് സ്ഥിരീകരിച്ച മൂന്ന് ഫാം തൊഴിലാളികൾക്ക് മിങ്കുകളിൽ നിന്നാണ് രോഗം പടർന്നത്. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് കൊറോണ വൈറസ് പടർന്നതായുള്ള ലോകത്തെ ആദ്യത്തെ കേസാണിത്.
സംഭവത്തിൽ ലോകാരോഗ്യ സംഘടനയും ആശങ്കയറിയിച്ചിരുന്നു. രോഗബാധിതരായ ഏതെങ്കിലും തൊഴിലാളികളിൽ നിന്നാകാം മിങ്കുകൾക്കും വൈറസ് ബാധയേറ്റതെന്നും, ഈ മിങ്കുകളിൽ നിന്നും മറ്റ് തൊഴിലാളികൾക്ക് രോഗം പടർന്നിരിക്കാമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു. ബെൽജിയൻ അതിർത്തിയിലുള്ള നൂർഡ് ബ്രാബന്റ് പ്രവിശ്യയിലെ രണ്ട് ഫാമുകളിൽ ഏപ്രിലിൽ ആണ് ആദ്യമായി മിങ്കുകളിൽ ശ്വാസകോശ രോഗം കണ്ടെത്തുന്നത്. നെതർലൻഡ്സിലും മറ്റും രോഗബാധയേറ്റ നിരവധി മിങ്കുകൾ ചാവുകയും ചെയ്തു. പതിനായിരക്കണക്കിന് മിങ്കുകളെയാണ് നെതർലൻഡ്സിൽ കൊന്നത്.