തിരുവനന്തപുരം: അറ്റാഷെ രാജ്യംവിട്ടശേഷം മാനസിക സമ്മർദ്ദത്തിലായ ഗൺമാൻ ജയഘോഷ്, തലസ്ഥാനത്തെ മുൻ അസി.കമ്മിഷണറെ വിളിച്ച് തന്നെ ആരോ കൊല്ലാൻ നോക്കുന്നതായി അറിയിച്ചിരുന്നു. ഈ ഉദ്യോഗസ്ഥൻ എ.ആർ ക്യാമ്പ് കമൻഡാന്റിന്റെ ചുമതലയുള്ള സുൽഫിക്കറിനെ വിവരമറിയിച്ചു. സർവീസ് റിവോൾവർ പതിവില്ലാതെ വീട്ടിൽ ലോഡ് ചെയ്തുവയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാരും വിവരം വട്ടിയൂർക്കാവ് പൊലീസിൽ അറിയിച്ചു.
പൊലീസുകാർ എത്തി പിസ്റ്റൾ സറണ്ടർ ചെയ്യാൻ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. ബൈക്കിൽ തിരിച്ചു വരുമ്പോൾ ബൈക്കിലെത്തിയ രണ്ടുപേർ തടഞ്ഞുനിറുത്തി ഭീഷണിപ്പെടുത്തിയതായി ബന്ധുക്കളോട് പറഞ്ഞു. ഇക്കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്.
മാനസിക സമ്മർദ്ദത്തിലാണെന്ന് മനസ്സിലായതിനാൽ ജയഘോഷിനെ വ്യാഴാഴ്ച വൈകുന്നേരം ഭാര്യയ്ക്കും രണ്ടുമക്കൾക്കുമൊപ്പം കുഴിവിളയിലെ കുടുംബവീടായ കരിമണൽ തോപ്പിൽ ദേവാമൃതം വീട്ടിൽ പൊലീസ് കൊണ്ടാക്കുകയായിരുന്നു. രാത്രി 7 .30ന് ഫോൺകാൾ എത്തിയതിനെത്തുടർന്ന് പുറത്തിറങ്ങിയ ജയഘോഷ് തിരിച്ചെത്തിയില്ല.