ചിങ്ങവനം (കോട്ടയം): ആറാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിലെ ജനലിൽ ഷാളിൽ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പനച്ചിക്കാട് പാത്താമുട്ടം കരിമ്പനക്കുന്നേൽ സനീഷിന്റെ മകൾ അതുല്യ സനീഷാണ് (11) മരിച്ചത്. വെള്ളുത്തുരുത്തി ഗവ. യു.പി സ്‌കൂൾ വിദ്യാർത്ഥിനിയാണ്.
ഇന്നലെ ഉച്ചയ്ക്ക് 12നാണ് സംഭവം. ഓട്ടോ ഡ്രൈവറായ അച്ഛൻ സനീഷും ഫാക്ടറി ജീവനക്കാരിയായ അമ്മയും വീട്ടിലില്ലായിരുന്നു. മുറിയിൽ നിന്ന് അസ്വാഭാവിക ശബ്ദം കേട്ടതിനെ തുടർന്ന് വലിയമ്മ ചെന്നു നോക്കുമ്പോൾ ഷാളിൽ തൂങ്ങി കിടക്കുന്ന അതുല്യയെയാണ് കണ്ടത്. അയൽവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കളിക്കവേ, ഷാൾ കുരുങ്ങിയതാകാമെന്ന് ചിങ്ങവനം പൊലീസ് പറഞ്ഞു. മൃതദേഹം ചെത്തിപ്പുഴ ആശുപത്രി മോർച്ചറിയിൽ. അമ്മ: സൗമ്യ. സഹോദരൻ: ആദിത്യൻ