pic

ജയ്പൂർ: മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പെെലറ്റിനും 18 എം.എൽ.എമാർക്കുമെതിരെ ചൊവ്വാഴ്ച വരെ നടപടിയെടുക്കരുതെന്ന് രാജസ്ഥാൻ ഹെെക്കോടതി. എം.‌എൽ‌.എമാർക്കെതിരെ ജൂലായ് 21 വരെ നടപടിയെടുക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഇന്ദ്രജിത് മൊഹന്തി, ജസ്റ്റിസ് പ്രകാശ് ഗുപ്ത എന്നിവരടങ്ങിയ രാജസ്ഥാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഇത് സംബന്ധിച്ച് സംസ്ഥാന നിയമസഭാ സ്പീക്കർ സി.പി ജോഷിക്ക് നിർദേശവും നൽകി.മുതിർന്ന അഭിഭാഷകനായ ഹരീഷ് സാൽവേയാണ് സച്ചിൻ പൈലറ്റിനും 18 എം.എൽ.എമാർക്കും വേണ്ടി കോടതിയിൽ ഹാജരായത്. സ്പീക്കർ സി.പി ജോഷിക്കുവേണ്ടി മനു അഭിഷേക് സിംഗ്‌വി ജൂലായ് 20ന് മുമ്പായി കോടതിയിൽ ഹാജരായി തങ്ങളുടെ വാദം നിരത്തും.

അശോക് ഗെലോട്ട് സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് വിപ്പ് മഹേഷ് ജോഷി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രാജസ്ഥാൻ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. അതേസമയം സച്ചിൻ പൈലറ്റിനും അദ്ദേഹത്തെ അനുകൂലിച്ച എം‌.എൽ‌.എമാർക്കും വേണ്ടി ഇപ്പോഴും കോൺഗ്രസിന്റെ വാതിലുകൾ തുറന്നിട്ടിട്ടുണ്ടെന്നും പാർട്ടി നേതൃത്വം അറിയിച്ചു.