ലണ്ടൻ : ബ്രിട്ടനിലെ ആൻഡ്രൂ രാജകുമാരന്റെയും സാറാ ഫെർഗൂസന്റെയും മൂത്ത മകൾ ബിയാട്രിസ് രാജകുമാരിയും ഇറ്റാലിയൻ വ്യവസായിയായ എഡോർഡോ മാപ്പെല്ലി മോസിയും വിവാഹിതരായി. കൊവിഡിനെ തുടർന്ന് ഇരുവരുടെയും വിവാഹം നേരത്തെ മാറ്റിവച്ചിരുന്നു. 31 കാരിയായ ബിയാട്രിസും 37 കാരനായ മോസിയും ഇന്ന് വിൻഡ്സറിലെ റോയൽ ലോഡ്ജിലെ റോയൽ ചാപ്പൽ ഒഫ് ഓൾ സെയ്ന്റ്സിൽ വച്ച് നടന്ന സ്വകാര്യ ചടങ്ങിലാണ് വിവാഹിതരായത്. സെൻട്രൽ ലണ്ടനിലെ സെന്റ് ജെയിംസ് പാലസിൽ മേയ് 29നായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. മാറ്റിവച്ച വിവാഹം എന്ന് നടക്കുമെന്ന് സംബന്ധിച്ച വിവരം രാജകുടുംബാംഗങ്ങൾ പുറത്തുവിട്ടിരുന്നില്ല. ബിയാട്രിസിന്റെ മുത്തശിയായ എലിസബത്ത് രാജ്ഞിയും മുത്തച്ഛൻ ഫിലിപ്പ് രാജകുമാരനും ഉൾപ്പെടെ വളരെ കുറച്ച് പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സെപ്റ്റംബറിലായിരുന്നു ബിയാട്രിസിന്റെയും മോസിയുടെയും വിവാഹ നിശ്ചയം.