vaccine

ന്യൂഡൽഹി: കൊവിഡ് രോഗത്തിനെതിരെയുള്ള വാക്സിനായ കാന്‍ഡിഡേറ്റ് സികോവ്-ഡിയുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഏഴുമാസത്തിനുള്ളില്‍ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വാക്സിന്റെ നിർമാതാക്കളായ സിഡസ് കാഡില. മരുന്ന് കമ്പനിയുടെ ചെയര്‍മാന്‍ പങ്കജ് ആര്‍ പട്ടേല്‍ ഇക്കാര്യം അറിയിച്ചത്. ലോകത്തിന് മേൽ അധീശത്വം സ്ഥാപിച്ചിരിക്കുന്ന രോഗത്തെ ഇല്ലാതാക്കാനുള്ള വാക്‌സിന്‍ ആദ്യമായി ഇന്ത്യ വിപണിയില്‍ എത്തിക്കുകയെന്നതാണ് ലക്ഷ്യമെന്നും പട്ടേല്‍ വ്യക്തമാക്കുന്നു.

ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി, കമ്പനി തങ്ങളുടെ കൊവിഡ് വാക്‌സിന്റെക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആദ്യത്തെ മനുഷ്യ ഡോസിംഗ് ഉപയോഗിച്ച് ആരംഭിച്ചിരുന്നു. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഒന്നും രണ്ടും ഘട്ടങ്ങൾ പൂര്‍ത്തിയാക്കി ഡാറ്റ റെഗുലേറ്ററിന് സമര്‍പ്പിക്കാനാണ് കമ്പനി ആഗ്രഹിക്കുന്നത്.

പരീക്ഷണ ഫലങ്ങളെ ആശ്രയിച്ച്, പരീക്ഷണ സമയത്ത് വാക്‌സിന്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയാല്‍, പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കാനും വാക്‌സിന്‍ സമാരംഭിക്കാനും ആകെ ഏഴുമാസമെടുക്കുമെന്നും സിഡസ് കാഡില ചെയർമാൻ പറയുന്നു. ലോകത്താകമാനമുള്ള മരുന്ന് കമ്പനികളുമായുള്ള പങ്കാളിത്തത്തോടെ ഗവേഷണങ്ങൾ നടത്താനും കമ്പനി തയ്യാറാണ്. എന്നാൽ, ഈ സമയത്ത് ഇതേക്കുറിച്ച് അഭിപ്രായം പറയുന്നത് വളരെ നേരത്തെയാകാമെന്നും അദ്ദേഹം പറയുന്നുണ്ട്.