pic

ന്യൂഡൽഹി:രാജസ്ഥാനിലെ രാഷ്‌ട്രീയ പ്രതിസന്ധിക്ക് പരിഹാരം കാണാൻ മുന്നിട്ടിറങ്ങി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പ്രശ്ന പരിഹാരത്തിനായി സച്ചിൻ പെെലറ്റും കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും , രാഹുൽ ഗാന്ധിയും തമ്മിലുളള കൂടി കാഴ്ച്ചയ്ക്ക് അവസരമൊരുക്കാനായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ശ്രമം. എന്നാൽ രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനത്തിൽ കുറഞ്ഞ ഒരു ഒത്തുതീർപ്പിനും താനില്ലെന്ന മുമ്പത്തെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സച്ചിൻ പെെലറ്റ്. ഒരു വർഷത്തിനുളളിൽ മുഖ്യമന്ത്രിയാക്കണമെന്നാണ് സച്ചിന്റെ ആവശ്യം. ഇത് അംഗീകരിക്കാത്തിടത്തോളം ഗാന്ധി കുടുംബവുമായി ഒരു തരത്തിലുമുളള ചർച്ചയ്ക്കും താൻ തയ്യാറല്ലെന്നും സച്ചിൻ പെെലറ്റ് പറഞ്ഞതായി വിവരങ്ങൾ പുറത്തു വരുന്നു.

തന്നെ മുഖ്യമന്ത്രിയാക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കണമെന്നും അല്ലാത്തപക്ഷം ഗാന്ധി കുടുംബവുമായി കൂടിക്കാഴ്ച നടത്തുന്നതിൽ അർത്ഥമില്ലെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു​​​​​. ഈ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് സച്ചിൻ പെെലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും പാർട്ടി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റിയത്.

അതേസമയം സച്ചിൻ പെെലറ്റിനേയും 18 എം.എൽ.എമാരേയും അയോഗ്യരാക്കിയ നടപടി ഹെെക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച വരെ നടപടിയെടുക്കരുതെന്ന് രാജസ്ഥാൻ ഹെെക്കോടതി ഉത്തരവിട്ടു. ഇന്ദ്രജിത് മൊഹന്തി, ജസ്റ്റിസ് പ്രകാശ് ഗുപ്ത എന്നിവരടങ്ങിയ രാജസ്ഥാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്.