pic

ബോളിവുഡ് വിവാദനായിക മമത കുല്‍ക്കര്‍ണിയുടെ ജീവിത കഥ സിനിമയാകുന്നു. നടിയുടെ ജീവിതം ആസ്പദമാക്കി ബിലാല്‍ സിദ്ധിഖ് എഴുതിയ സ്റ്റാര്‍ഡസ്റ്റ് അഫയറാണ് സിനിമയാകുന്നത്. ഇതിന്റെ ഭാഗമായി ദബാംഗ് 3, വീര്‍ ദി വെഡ്ഡിംഗ് എന്നിവയുടെ നിര്‍മാതാവായ നിഖില്‍ ദ്വിവേദി പുസ്തകത്തിന്റെ അവകാശം സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിന് ശേഷമാകും സിനിമയുടെ തിരക്കഥ ഉൾപ്പെടെ മറ്റു നടപടികൾ ആരംഭിക്കുക. മമത കുല്‍കര്‍ണിയായി സിനിമയില്‍ ആര് അഭിനയിക്കും എന്ന കാര്യത്തിലും ഇത് വരെ തീരുമാനമായിട്ടില്ല. ചിത്രത്തെക്കുറിച്ചുളള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

തൊണ്ണൂറുകളിലാണ് മമത തന്റെ മികച്ച അഭിനയത്തിലൂടെ കാണികളുടെ മനസിൽ ഇടം നേടുന്നത്. തുടര്‍ന്ന് ബോളിവുഡിലെ സൂപ്പര്‍നായികയില്‍ നിന്ന് അധോലോകത്തിന്റെ ഗോഡ് മദറായി മാറിയ മമത പിന്നീട് വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങി. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീമുമായി മമത അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. നിരവധി വിവാദങ്ങൾ ഉയർന്നതിന് പിന്നാലെയാണ് മമത ബോളിവുഡില്‍ നിന്ന് അപ്രത്യക്ഷയാകുന്നത്. എന്നാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് മമതയുടെ പേര് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് വീണ്ടും വിവാദങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. കരണ്‍ അര്‍ജുന്‍, നസീബ്, ബാസി, ചൈന ഗേറ്റ് എന്നീ ചിത്രങ്ങളിലൂടെയാണ് മമത ശ്രദ്ധ നേടുന്നത്. കെനിയയിലെ നെയ്‌റോബിയില്‍ ആത്മീയ ജിവിതം നയിക്കുകയാണ് മമത ഇപ്പോള്‍.