pic

മുംബയ്: കൊവിഡ് സ്ഥിരീകരിച്ച് വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന നടി ഐശ്വര്യറായിയെയും മകൾ ആരാധ്യയെയും നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങിയതോടെയാണ് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത്. നേരത്തെ കൊവിഡ് സ്ഥിരീകരിച്ച അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ എന്നിവരും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്.


കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജൂലായ് 11നാണ് അമിതാഭ് ബച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബച്ചൻ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.കൊവിഡ് സ്ഥിരീകരിച്ച എന്നെ ആശുപത്രിയിലേക്ക് മാറ്റി, കുടുംബവും ഉദ്യോഗസ്ഥരും പരിശോധനയ്ക്ക് വിധേയമായി, ഫലങ്ങൾ കാത്തിരിക്കുന്നു, കഴിഞ്ഞ 10 ദിവസമായി ഞാനുമായി അടുത്തിടപെട്ടിട്ടുള്ളവരെല്ലാം സ്വയം ടെസ്റ്റിന് വിധേയരാകാൻ അഭ്യർത്ഥിക്കുന്നു." അദ്ദേഹം ട്വീറ്റിൽ കുറിച്ചു. "പിന്നാലെ അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെയാണ് ഐശ്വര്യറായിക്കും മകൾ ആരാധ്യയ്ക്കും രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ഐശ്വര്യയെയും മകളെയും വീട്ടിൽ നിരീക്ഷണത്തിലാക്കുകയായിരുന്നു.

അമിതാഭ് ബച്ചന്റെ ഭാര്യ ജയാ ബച്ചന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. അമിതാഭ് ബച്ചന്റെയും അഭിഷേകിന്റെയും നില തൃപ്തികരമായി തുടരുന്നതായി നാനാവതി ആശുപത്രി അധികൃതർ അറിയിച്ചു. ഇരുവരും ഒരാഴ്ച കൂടി ആശുപത്രിയിൽ തുടരേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കി.