മഴക്കാലരോഗങ്ങളിൽ നിന്നും രക്ഷനേടാനും ഒരു വർഷത്തെ രോഗപ്രതിരോധവും ആരോഗ്യവും ഉറപ്പുവരുത്താനുമാണ് കർക്കടകത്തിൽ ആരോഗ്യം ശ്രദ്ധിക്കണമെന്ന് പഴമക്കാർ പറയുന്നത്. ഇതിനായി കർക്കിടമാസത്തിൽ മരുന്നുകഞ്ഞി കുടിക്കുന്നത് കേരളത്തിൽ പതിവാണ്.
നവരയരി അല്ലെങ്കിൽ പൊടിയരിയുടെ ഒപ്പം കാരെള്ള്, ജീരകം, കരിംജീരകം,പെരുംജീരകം,തിരുതാളി,ഉലുവ,ഉഴഞ്ഞി,ബല,അതിബല, ജാതിക്കാ,ഓരിലവേര്,മൂവിലവേര്, ചുക്ക്,തിപ്പലി,അയമോദകം,ഞെരിഞ്ഞിൽ,ഇന്തുപ്പ്, കുരുമുളക്,കൊത്തമ്പാലയരി,മഞ്ഞൾ, കൃഷ്ണതുളസിയില,മുക്കുറ്റി, തഴുതാമയില എന്നിവ പൊടിച്ചെടുത്ത് പാലിലോ തേങ്ങാപ്പാലിലോ തിളപ്പിച്ച് ഉപ്പും ശർക്കരയും ചേർത്താൽ കർക്കടകക്കഞ്ഞി റെഡി.
ഇവയിൽ ലഭ്യമായവ മാത്രം ചേർത്തും കഞ്ഞി തയാറാക്കാം . ഏഴു ദിവസമാണ് കർക്കടകക്കഞ്ഞി കഴിക്കുന്നതെങ്കിൽ ചായ, മത്സ്യമാംസാദികൾ, മദ്യപാനം തുടങ്ങിയവ ഒഴിവാക്കിയുള്ള പഥ്യം അതിനിരട്ടി ദിവസങ്ങൾ എടുക്കണം. മഴക്കാലത്തെ എല്ലാ ശാരീരിക അസ്വസ്ഥകളെയും പ്രതിരോധിക്കാനുള്ള ആരോഗ്യം ഈ കഞ്ഞിയിൽ നിന്ന് ലഭിക്കും. കർക്കടകക്കഞ്ഞി കിറ്റ് മാർക്കറ്റുകളിൽ ലഭ്യമാണ്.