ജയ്‍പൂർ: രാജസ്ഥാനിൽ രാഷ്ട്രീയ അനിശ്‌ചിതത്വം നിലനിൽക്കുന്നതിനിടെ സച്ചിൻ പൈലറ്റിനൊപ്പമുള്ള എം.എൽ.എമാരെ ഹരിയാനയിലെ റിസോർട്ടിൽ നിന്ന് മാറ്റി. റിസോർട്ടിൽ പൊലീസ് എത്തിയെങ്കിലും എം.എൽ.എമാരെ കാണാനാകാതെ പൊലീസ് മടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം സംസ്ഥാന രാഷ്ട്രീയത്തിലെ കുതിരക്കച്ചവടം വ്യക്തമാക്കുന്ന ഓഡിയോ ടേപ്പ് പുറത്തു വന്നത് വലിയ ഒച്ചപ്പാട് സൃഷ്ടിച്ചിരുന്നു. ഇതിനു പിന്നാലെ കോൺഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സച്ചിൻ പൈലറ്റ് പക്ഷത്തുള്ള എം.എൽ.എമാരെ തേടി പൊലീസ് റിസോർട്ടിലേക്കെത്തിയത്.
സച്ചിൻ പൈലറ്റിനും ഒപ്പമുള്ള എം.എൽ.എമാർക്കും എതിരെ ചൊവ്വാഴ്ച വൈകുന്നേരം വരെ നടപടിയെടുക്കരുതെന്ന് സ്‍പീക്കറോട് രാജസ്ഥാൻ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയെ എതിർത്തു എന്നത് എം.എൽ.എ പദവി അസാധുവാക്കാനുള്ള കാരണമല്ല എന്നായിരുന്നു സ്‍പീക്കറുടെ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് രാജസ്ഥാൻ ഹൈക്കോടതിയിൽ സച്ചിൻ പൈലറ്റ് ഉയർത്തിയ വാദം. നിയമസഭ ചേരാതിരിക്കുമ്പോൾ വിപ്പിന് നിയമസാധുതയില്ല. സർക്കാരിനെ മറിച്ചിടാൻ ശ്രമിച്ചിട്ടില്ലെന്നും സച്ചിൻ പൈലറ്റിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ വാദിച്ചു. കേസിൽ തിങ്കളാഴ്ചയാണ് ഇനി വാദം തുടരുക. ചൊവ്വാഴ്ച വൈകിട്ടുവരെ സ്പീക്കറുടെ നടപടി തടഞ്ഞ ഹൈക്കോടതി തീരുമാനം സച്ചിൻ പൈലറ്റ് ക്യാമ്പിന് ആശ്വാസമായിരിക്കുകയാണ്.