jaykosh

തിരുവനന്തപുരം: യു.എ.ഇ കോൺസൽ ജനറലിന്റെ ഗൺമാൻ ജയഘോഷിനെ കസ്റ്റംസ് ചോദ്യം ചെയ്യും. ആശുപത്രി വിട്ടാലുടൻ ജയഘോഷിനെ ചോദ്യം ചെയ്യുമെന്നാണ് വിവരം. ജയഘോഷിന്റെ മൊഴി മജിസ്ട്രറ്റ് രേഖപ്പെടുത്തി. സ്വർണക്കടത്തുകാർ കൊല്ലുമോയെന്ന് ഭയമുണ്ടായിരുന്നുവെന്നും താൻ ആത്‌മഹത്യയ്ക്ക് ശ്രമിച്ചതാണെന്നും ജയഘോഷ് മൊഴി നൽകി. അതേസമയം ജയഘോഷിന്റേത് ആത്‌മഹത്യ നാടകമാണോയെന്ന് അന്വേഷണ ഏജൻസികൾ അന്വേഷിക്കും.

ജയഘോഷിന്റെയും അടുത്ത ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകളുടെ വിവരം തേടി കസ്റ്റംസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബ്ളേഡ് വിഴുങ്ങി എന്നതുൾപ്പെടെ ജയഘോഷ് പറഞ്ഞവ നുണയെന്നാണ് കസ്റ്റംസ് വിലയിരുത്തൽ. കാണാതായതിന് ശേഷം ആത്‌മഹത്യ ശ്രമം നടത്തിയ നിലയിൽ കണ്ടെത്തിയ ജയഘോഷ് അപകടനില തരണം ചെയ്തു. കയ്യിൽ രണ്ട് മുറിവുണ്ട്. ഇതിൽ ഒരു മുറിവ് ആഴത്തിലുള്ളതാണ്. ബ്ളേഡ് വിഴുങ്ങിയെന്ന് ജയഘോഷ് പറഞ്ഞത് നുണയാണെന്നാണ് ഡോക്ടർമാർ പൊലീസിനെ അറിയിച്ചിരിക്കുന്നത്.

സ്വർണക്കടത്തിനെ കുറിച്ച് വിവരം നൽകിയത് താനാണെന്ന് തെറ്റിദ്ധരിച്ച് സ്വപ്നയുടെ സംഘം കൊല്ലുമെന്നായിരുന്നു ജയഘോഷിന്റെ ഭയമെന്ന് സുഹൃത്തായ പൊലീസുകാരൻ നാഗരാജ് മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്വപ്നയുടെ പിന്നിൽ വൻ സംഘമുണ്ടെന്നും കോൺസുലേറ്റിലെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് സ്വപ്നയാണെന്നും ജയഘോഷ് പറഞ്ഞതായും നാഗരാജ് വെളിപ്പെടുത്തി. എന്നാൽ സ്വർണക്കടത്തിനെ കുറിച്ച് ജയഘോഷിന് വ്യക്തമായ അറിവുണ്ടെന്നാണ് കസ്റ്റംസിന്റെ കണക്കുകൂട്ടൽ. ജയഘോഷിന് സ്വർണക്കടത്തിനെപ്പറ്റി വ്യക്തമായ അറിവുള്ളത് കൊണ്ടാണ് സ്വപ്നയെ വിളിച്ചത്. അത് മറച്ചുവയ്ക്കാനുള്ള നാടകമാണ് തിരോധാനവും ആത്മഹത്യാശ്രമവുമെന്നും അന്വേഷണസംഘം കരുതുന്നു.