കൊച്ചി : ഓണ്‍ലൈന്‍ ചാരിറ്റിയുടെ മറവില്‍ നടക്കുന്ന കുറ്റകൃത്യങ്ങളെകുറിച്ച് അന്വേഷിക്കാന്‍ കേരള പൊലീസ് തയ്യാറെടുക്കുന്നു. കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പ് വര്‍ഷ എന്ന പെണ്‍കുട്ടി നല്‍കിയ പരാതിയാണ് അന്വേഷണത്തിന് ആധാരമാകുന്നത്. തന്റെ അമ്മയുടെ കരള്‍ മാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് സഹായവുമായെത്തിയ ചാരിറ്റി പ്രവര്‍ത്തകര്‍ അക്കൗണ്ടിലേക്ക് വലിയ തുക വന്നതോടെ അത് ജോയിന്റ് അക്കൗണ്ട് ആക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും എന്നാല്‍ അത് നിരാകരിച്ചതോടെ നിരന്തരം ഭീഷണി മുഴക്കി എന്നുമായിരുന്നു വര്‍ഷ എന്ന പെണ്‍കുട്ടിയുടെ പരാതി. സമൂഹമാദ്ധ്യമത്തിലാണ് വര്‍ഷ ഇക്കാര്യം ആദ്യം വെളിപ്പെടുത്തിയത്. പിന്നാലെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഓണ്‍ലൈന്‍ ചാരിറ്റിയുടെ പേരില്‍ പ്രശസ്തനായ ഫിറോസ് കുന്നംപറമ്പില്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ യാണ് ഇപ്പോള്‍ ചേരാനല്ലൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. കണ്ണൂര്‍ സ്വദേശിയായ വര്‍ഷയുടെ അമ്മ രാധയുടെ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കാണ് പണം പിരിച്ചത്. കഴിഞ്ഞ ജൂണ്‍ 24നാണ് അമ്മയുടെ ശസ്ത്രക്രിയയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് വര്‍ഷ ഫെയ്‌സ്ബുക്കില്‍ ലൈവില്‍ വന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട സാജന്‍ കേച്ചേരി എന്നയാള്‍ സഹായ വാഗ്ദാനം നല്‍കി എത്തുകയും, വര്‍ഷയുടെ അക്കൗണ്ടില്‍ വന്‍തുക എത്തിയതോടെ ജോയിന്റ് അക്കൗണ്ട് വേണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഈ സംഭവം പെണ്‍കുട്ടി സമൂഹമാദ്ധ്യമത്തില്‍ വെളിപ്പെടുത്തിയതോടെ ഫിറോസ് ഉള്‍പ്പടെ പരസ്യ പ്രസ്താവനയുമായി എത്തിയിരുന്നു.
ഭീഷണിപ്പെടുത്തിയതിനും സമൂഹമാദ്ധ്യമങ്ങളിലൂടെ അപമാനിച്ചതിനുമാണ് ഇപ്പോള്‍ പൊലീസ് നാലുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഫിറോസ് കുന്നംപറമ്പില്‍, സാജന്‍ കേച്ചേരി, സലാം, ഷാഹിദ് എന്നീ നാലു പേര്‍ക്കെതിരേയാണ് കേസെടുത്തത്.