faisal-fareed

കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മൂന്നാംപ്രതി ഫൈസൽ ഫരിദിനെതിരെ ഇന്റർപോൾ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരമാണ് ഇന്റർപോൾ നോട്ടീസ് പുറപ്പെടുവിച്ചത്. ഫൈസൽ ഏത് വിമാനത്താവളം വഴി കടന്നാലും പിടികൂടാനാണ് നടപടി. ഫൈസൽ ഫരീദാണ് യു.എ.ഇയിലെ സ്വർണക്കടത്തിന്റെ പ്രധാനകണ്ണിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഫൈസലിന്റെ തൃശൂരിലെ വീട്ടിൽ കസ്റ്റംസ് നടത്തിയ റെയ്ഡിൽ മൂന്ന് ബാങ്ക് പാസ് ബുക്കുകളും ലാപ്ടോപ്പും പിടിച്ചെടുത്തു. ഈ ബാങ്കുകളിൽ ഇന്ന് പരിശോധന നടത്തും. ഫൈസലിന് ഇവിടെ ലോക്കറുകൾ ഉണ്ടോ എന്നതും പരിശോധിക്കും. കഴിഞ്ഞ ഒന്നര വർഷമായി വീട് പൂട്ടികിടക്കുകയായിരുന്നു. വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ സീൽ വച്ച് മടങ്ങാനായിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നീട് ബന്ധുക്കളുമായി ബന്ധപ്പെട്ടപ്പോഴാണ് ഇവരുടെ പക്കൽ താക്കോലുണ്ടെന്ന് മനസിലായത്. ഇതോടെയാണ് വീട് തുറന്ന് പരിശോധിച്ചത്.

നേരത്തെ ഒരു സുഹൃത്ത് വഴി ബന്ധപ്പെട്ട് ഫൈസൽ എവിടെയാണെന്ന് കസ്റ്റംസ് മനസിലാക്കിയിരുന്നു. ഇതിന് പിന്നാലെ സ്വർണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നും തന്റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ കേസ് നൽകുമെന്നും മാദ്ധ്യമങ്ങൾക്ക് മുന്നിൽ വന്ന് ഫൈസൽ ആരോപിച്ചു. ഇയാളെ നാട് കടത്തണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയം യു.എ.ഇ ഭരണകൂടത്തിന് ഔദ്യോഗികമായി കത്ത് നൽകി. ഇതിന് ശേഷം ഇയാൾ ഒളിവിൽ പോയതായാണ് വിവരം.