covid-vaccine

ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യ തദ്ദേശീയ കൊവിഡ് വാക്സിൻ വികസിപ്പിച്ച ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് 375 പേരിൽ ആദ്യഘട്ട പരിശോധന ആരംഭിച്ചതായി റിപ്പോർട്ട്. ജൂലായ് 15ന് കോവാക്സിൻ മനുഷ്യരിൽ പരീക്ഷണം തുടങ്ങിയതായി ഭാരത് ബയോടെക് അറിയിച്ചതായി ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ഹൈദരാബാദ് ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയും, ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചും (ഐ.സി.എം.ആർ), നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് വൈറോളജിയും (എൻ.ഐ.വി) സംയുക്തമായിട്ടാണ് വാക്സിൻ വികസിപ്പിച്ചെടുത്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പന്ത്രണ്ട് ആശുപത്രികളിലാണ് പരീക്ഷണം നടത്തുന്നത്.

പരീക്ഷണത്തിന്റെ ആദ്യ ഘട്ടത്തിൽ, വാക്സിനേഷൻ നൽകിയ ആളുകൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടോയെന്ന് പരിശോധിക്കുന്നു. രണ്ടാം ഘട്ടത്തിൽ കൊവിഡിനെതിരെ വാക്സിൻ പ്രവർത്തിക്കുന്നുണ്ടോ എന്ന വിലയിരുത്തും. മൃഗങ്ങളിൽ വിജയകരമായി പരീക്ഷണം നടത്തിയെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നു. വാക്സിന്റെ സുരക്ഷയെക്കുറിച്ചും ഉത്പാദിപ്പിക്കുന്ന ആന്റി ബോഡികളെക്കുറിച്ചുമുളള അന്തിമ വിലയിരുത്തൽ സുരക്ഷാ ബോർഡ് നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.