ഓൺലൈൻ വഴിയും മൊബൈൽ ആപ്പുകൾ വഴിയും വിനിമയം ചെയ്യുന്ന കറൻസിയാണ് ബിറ്റ് കോയിൻ. അതുകൊണ്ടുതന്നെ നിയതമായ രൂപമോ ഘടനയോ ബിറ്റ് കോയിനില്ല. ഡിജിറ്റലായി മാത്രമേ ബിറ്റ് കോയിൻ വാങ്ങാനും വിൽക്കാനും കഴിയൂ. കംപ്യൂട്ടർ ഭാഷയിലുള്ള പ്രോഗ്രാം അല്ലെങ്കിൽ കോഡ് ആണിത്. ക്രിപ്റ്റോഗ്രഫിയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്നതിനാൽ ക്രിപ്റ്റോ കറൻസി എന്നും അറിയപ്പെടുന്നു.
നിയമാനുസൃതമായ ചട്ടക്കൂടില്ലാത്തതിനാൽ ബിറ്റ് കോയിന്റെ വിനിമയം റിസർവ് ബാങ്കോ മറ്റ് രാജ്യങ്ങളുടെ കേന്ദ്രബാങ്കുകളോ പ്രോത്സാഹിപ്പിക്കുന്നില്ല. എവിടെവച്ച് ആര് വിനിമയം ചെയ്യുന്നുവെന്ന് വ്യക്തമല്ലാത്തതിനാൽ തർക്കങ്ങളോ പരാതികളോ ഉണ്ടായാൽ പരിഹരിക്കാൻ സംവിധാനങ്ങളുമില്ല. മുമ്പൊരിക്കൽ വാനാക്രൈ വൈറസ് ആക്രമണം നടത്തിയവർ മോചനദ്രവ്യം ആവശ്യപ്പെട്ടത് ബിറ്റ്കോയിനിലായിരുന്നു.
എന്നാൽ ശക്തമായ സുരക്ഷാ നെറ്റ്‍വർക്കും ഇടനിലക്കാരില്ലാതെ വിനിമയം നടത്താമെന്നതും പരിഗണിച്ച് ബിറ്റ് കോയിനെ ഭാവി കറൻസിയായി പരിഗണിക്കുന്നവരുമുണ്ട്.
'സങ്കൽപ്പലോകമല്ലീയുലകം' എന്ന് കവി പാടിയെങ്കിലും നശ്വരമായ ഈ ലോകത്ത് കാൽപ്പനികതയ്ക്ക് വലിയൊരു സ്ഥാനമുണ്ട്. അവിടുത്തെ കോടിപതിയാണ് ബിറ്റ് കോയിൻ എന്ന ഡിജിറ്റൽ കറൻസി. കഴിഞ്ഞ ദിവസം പ്രമുഖരുടെ ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് നടന്ന ബിറ്റ് കോയിൻ തട്ടിപ്പ് വീണ്ടും ഈ 'സാങ്കൽപ്പിക' നാണയത്തെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നിരിക്കയാണ്. 89 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടന്നത്. ഏതെങ്കിലും സാമൂഹികമാദ്ധ്യമ സൈറ്റിലുണ്ടാകുന്ന ഏറ്റവും വലിയ സുരക്ഷാ വീഴ്ചയായാണ് ഇതിനെ കണക്കാക്കുന്നത്.
ഒരു ബിറ്റ് കോയിന്റെ മൂല്യം ഇന്ന് 6,84,715.62 ഇന്ത്യൻ രൂപയാണ്.
ബിറ്റ് കോയിന്റെ വിനിമയം കുത്തനെ ഉയർന്നതാണ് മൂല്യം ഉയർത്തിയത്. ഒരു വർഷത്തിനിടെ പത്തിരട്ടി വർദ്ധനവാണ് ബിറ്റ്കോയിൻ മൂല്യത്തിലുണ്ടായിരിക്കുന്നത്.
രാജ്യങ്ങളുടെയോ ബാങ്കുകളുടെയോ അധികാര പരിധിയില്ലാത്ത ഡിജിറ്റൻ കറൻസി ബിറ്റ് കോയിന്‍ മൂല്യത്തിൽ പുതിയ ഉയരം കുറിച്ചിരിക്കുന്നു. ഒരു വർഷം മുമ്പ് 70,000 രൂപയോളം വിലയുണ്ടായിരുന്ന ഒരു ബിറ്റ് കോയിന് ഇന്ന് വില ഏഴ് ലക്ഷത്തിനടുത്താണ്.
2009ലാണ് അവതരിപ്പിച്ച ബിറ്റ് കോയിൻ രംഗപ്രവേശം ചെയ്യുന്നത്. 2010ൽ രണ്ട് രൂപയായിരുന്നു മൂല്യം. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കുതിപ്പോട് കുതിപ്പ്. ബിറ്റ് കോയിൻ രണ്ടാക്കാനുള്ള നീക്കം ഡെവലപ്പർമാർ ഉപേക്ഷിച്ചതും ആഭ്യന്തര അരക്ഷിതാവസ്ഥ നിലനിൽക്കുന്ന രാജ്യങ്ങളിലുള്ളവർ നിക്ഷേപം ബിറ്റ് കോയിനിലേക്ക് മാറ്റിയതുമാണ് മൂല്യം ഉയരാൻ കാരണം.
പ്രമുഖർക്ക് സംഭവിച്ചതെന്ത്?
ജെഫ് ബെസോസ് (ആമസോൺ മേധാവി), ഇലോൺ മസ്‌ക് (സ്‌പെയ്‌സ് എക്‌സ്, ടെസ്‌ല കമ്പനികളുടെ സ്ഥാപകൻ), ബിൽ ഗേറ്റ്‌സ് (മൈക്രോസോഫ്റ്റ് സ്ഥാപകൻ), ബരാക് ഒബാമ (യു.എസ്. മുൻ പ്രസിഡന്റ്), ജോ ബൈഡൻ (യു.എസ്. പ്രസിഡന്റ് സ്ഥാനാർത്ഥി, മുൻ വൈസ് പ്രസിഡന്റ്), കന്യേ വെസ്റ്റ് (ഹിപ്‌ഹോപ് ഗായകൻ), കിം കർദാഷിയാൻ (ടി.വി. താരം), മൈക്കൽ ബ്ലൂംബെർഗ് (മാധ്യമരംഗത്തെ അതികായൻ), ഉബർ (ടാക്‌സി ആപ്), ആപ്പിൾ (ടെക് കമ്പനി) തുടങ്ങിയ പ്രമുഖരുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത് ഒരു സന്ദേശം പറന്നു.
'ബിറ്റ് കോയിൻ ഇരട്ടിപ്പിച്ചുതരാം" എന്നായിരുന്നു മെസേജ്. മൂന്നുമണിക്കൂറിനുള്ളിൽ ആഗോളതലത്തിൽ 373 ട്വിറ്റർ ഉപയോക്താക്കളിൽനിന്നായി 89 ലക്ഷം രൂപ (1,18,000 ഡോളർ) സന്ദേശത്തിൽ പറഞ്ഞിരുന്ന അക്കൗണ്ടിലേക്കെത്തി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് 1000 ബിറ്റ് കോയിൻ തന്നാൽ അരമണിക്കൂറിനുള്ളിൽ 2000 ആക്കിത്തരാം എന്നരീതിയിലുള്ള സന്ദേശം ഇവരുടെയെല്ലാം ട്വീറ്റായി പ്രത്യക്ഷപ്പെട്ടത്. സംഭവത്തെക്കുറിച്ച് കമ്പനി അന്വേഷണം തുടങ്ങിയതോടെ വെരിഫൈഡ് അക്കൗണ്ടുകളിൽ നിന്നുപോലും പുതിയ ട്വീറ്റുകളിടാൻ കഴിയാത്ത സ്ഥിതിവന്നു. ഏകദേശം നാലുമണിക്കൂറിനുശേഷമാണ് ട്വിറ്ററിന് സേവനം പുനഃസ്ഥാപിക്കാനായത്. നുഴഞ്ഞുകയറ്റത്തിനു പിന്നിൽ ആരെന്നു കണ്ടെത്തിയിട്ടില്ല. എന്നാൽ, ഉത്തരകൊറിയയെയാണ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ സംശയിക്കുന്നതെന്ന് ‘ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്തു.
'തല" ആര് ?
ക്രിപ്‌റ്റോകോയിൻ ഒരു പുതിയ ആശയമല്ല. പക്ഷേ, അതിനെ ബിറ്റ് കോയിൻ എന്ന വിനിമയ രൂപത്തിലാക്കിയത് സതോഷി നക്കാമൊട്ടോ എന്ന പേരിൽ അറിയപ്പെടുന്ന ഒരു വ്യക്തിയോ സംഘമോ ആണ്.
2008ൽ സതാഷി ബിറ്റ്‌കോയിൻ പ്രോട്ടോക്കോൾ അവതരിപ്പിച്ചു. 2009ൽ അത് നിലവിൽ വന്നു. ബിറ്റ്‌കോയിൻ പ്രോട്ടോക്കോളും അനുബന്ധ സോഫ്റ്റ്‌വെയറുകളും നിർമ്മിച്ച് കൂടുതൽ വികസനത്തിനാവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി. 2011ൽ താനാരാണെന്ന് ഒരു സൂചന പോലും നൽകാതെ സതോഷി നക്കാമോട്ടോ ബിറ്റ്‌കോയിൻ ലോകത്തുനിന്ന് പൊടുന്നനെ അപ്രത്യക്ഷനായി.
യഥാര്‍ത്ഥത്തില്‍ ആരാണ് ഈ സതോഷി എന്ന് നിരവധി അന്താരാഷ്ട്ര മാദ്ധ്യമസ്ഥാപനങ്ങൾ കാര്യമായി അന്വേഷണം നടത്തിയെങ്കിലും കൃത്യമായ ഉത്തരം കണ്ടെത്താനായില്ല. ജപ്പാനീസ് ഗണിത ശാസ്ത്രജ്ഞനും കമ്പ്യൂട്ടർ എൻജിനീയറും സാമ്പത്തിക ശാസ്ത്രജ്ഞനുമെല്ലാമായ ഷിനിച്ചി മൊചിസുകി യായിരിക്കണം സതോഷി എന്ന് 'ഹൈപ്പർ ടെക്സ്റ്റിന്റെ പിതാവായ ടെഡ് നെൽസൺ വിശ്വസിക്കുന്നു. ഇതിനു വ്യക്തമായ ഒരു തെളിവൊന്നുമില്ല.
ബിറ്റ്‌കോയിൻ എന്ന ആശയം വെറുമൊരു ഗണിതശാസ്ത്രജ്ഞന്റെയോ കമ്പ്യൂട്ടർ എൻജിനീയറുടേയോ മാത്രം തലയിൽ നിൽക്കുന്നതല്ല. സാമ്പത്തിക സാമൂഹിക മാനവിക വിഷയങ്ങളിൽകൂടി അസാധാരണമായ ഉൾകാഴ്ചയുള്ള ഒരാൾക്ക് മാത്രമേ ഇതിനു കഴിയൂ എന്നതും ഈ നിഗമനങ്ങൾക്ക് അടിവരയിടുന്നു. മാത്രവുമല്ല, ഈ ഒരു ആശയം പുറംലോകവുമായി അർത്ഥശങ്കയ്‌ക്ക് ഇടനൽകാത്ത വിധം ചർച്ചചെയ്യാൻ നന്നായി ഇംഗ്ളീഷ് അറിയേണ്ടതുണ്ട്. മൊചിസുകി ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്ന ചുരുക്കം ജപ്പാൻകാരിൽ ഒരാളുമാണ്. പക്ഷേ മൊചിസുകി ഇത് നിഷേധിച്ചിട്ടുണ്ട് എന്നതിനാൽ ബിറ്റ്‌കോയിനിന്റെ പിതാവ് ഇന്നും സതോഷി എന്ന അപരനാമത്തിനു പിന്നിൽ മറഞ്ഞു നിൽക്കുന്നു.
ബിറ്റ് കോയിൻ ഇന്ത്യയിൽ
ബിറ്റ്‌കോയിൻ ഉൾപ്പെടെയുള്ള ക്രിപ്‌റ്റോ കറൻസികളുടെ ഇടപാടുകൾക്ക് രാജ്യത്തുണ്ടായിരുന്ന നിയമ തടസങ്ങൾ കഴിഞ്ഞ മാർച്ചിലാണ് നീക്കിയത്. ക്രിപ്‌റ്റോ കറൻസിക്കുണ്ടായിരുന്ന നിരോധനം സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു. 2018 ഏപ്രിലിലാണ് ക്രിപ്‌റ്റോ കറൻസി ഇടപാടുകൾ നിരോധിച്ച് റിസർവ് ബാങ്ക് രംഗത്തെത്തിയത്. ഇതിനെതിരെ ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയാണ് (ഐ.എം.എ.ഐ) സുപ്രീം കോടതിയെ സമീപിച്ചത്.
ജസ്റ്റിസുമാരായ റോഹിന്റൺ നരിമാൻ, അനിരുദ്ധ ബോസ്, വി. രാമസുബ്രഹ്മണ്യൻ എന്നിവരുടെ ബെഞ്ചാണ് നിരോധനം നീക്കി ഉത്തരവിട്ടത്. ഇത്തരം കറൻസികൾക്ക് രാജ്യത്തു നിരോധനമില്ലെന്നും ഇടപാടിന്റെ റിസ്‌ക് കണക്കിലെടുത്ത് നിയന്ത്രണം ഏർപ്പെടുത്തുകയാണ് ചെയ്തതെന്നും ജനുവരിയിൽ റിസർവ് ബാങ്ക് സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു.
ക്രിപ്‌റ്റോ കറൻസി നിയന്ത്രണം നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി വിലക്ക് എടുത്തു മാറ്റിയത്.
ഇതോടെ ബിറ്റ് കോയിൻ ഉൾപ്പെടെയുള്ള വെർച്വൽ കറൻസി ഇടപാടുകൾ രാജ്യത്ത് നടത്താം. ഇന്ത്യയിൽ ക്രിപ്‌റ്റോ കറൻസി നിയമം മൂലം നിരോധിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഇത് ഭരണഘടനക്ക് കീഴിൽ വരുന്ന നിയമാനുസൃതമായ വ്യാപാരമാണെന്നുമാണ് ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ വാദിച്ചത്.
ബാങ്കിംഗ് സംവിധാനത്തെ ദുർബലപ്പെടുത്തുന്ന വ്യാപാരങ്ങൾ അനുവദിക്കാൻ കഴിയില്ല എന്നായിരുന്നു റിസർവ് ബാങ്കിന്റെ വാദം. ക്രിപ്‌റ്റോ കറൻസി ഡിജിറ്റൽ ഇടപാടുകൾക്ക് സമാനമായതാണെന്നും അതുകൊണ്ട് ആർ.ബി.ഐക്ക് അതു നിയന്ത്രിക്കാനുള്ള അധികാരം ഉണ്ടെന്നും ആർ.ബി.ഐ ചൂണ്ടിക്കാട്ടിയിരുന്നു.