കൈവിട്ട് പോയെന്ന് കരുതിയ ജീവിതം തിരിച്ചു പിടിച്ചു. ഇനിയും
ഏറെ കഥാപാത്രങ്ങൾ ചെയ്യാനുണ്ടെന്ന തോന്നലാണ് രക്ഷയായത്.
ഇഷ്ക്, ഉണ്ട എന്നീ ചിത്രങ്ങളിലൂടെ ശക്തമായ തിരിച്ചു വരവ്
നടത്തിയ ഷൈൻ ടോം ചാക്കോ
പറയുന്നു
ഇഷ്കും ഉണ്ടയും താങ്കൾക്ക് നേട്ടമായല്ലോ ?
ഒരു അഭിനേതാവ് എന്ന നിലയിൽ വൈവിദ്ധ്യമുള്ള കഥാപാത്രങ്ങൾ ചെയ്യാനാണ് എപ്പോഴും ശ്രമിക്കാറുള്ളത്. ഞാൻ ചെയ്തിട്ടുള്ള എല്ലാ മികച്ച കഥാപാത്രങ്ങളും എന്നെ തേടി വന്നിട്ടുള്ളതാണ്. ഞാനായിട്ട് തിരഞ്ഞെടുത്ത കഥാപാത്രങ്ങൾ വളരെ ചുരുക്കമാണ്.
ഉണ്ട എന്ന സിനിമയെ മുൻനിറുത്തി ഇന്നത്തെ സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തെ എങ്ങനെ വിലയിരുത്തുന്നു ?
നമ്മൾ കാണുന്നതും അറിയുന്നതുമെല്ലാം സത്യമാണോയെന്നാണ് ആദ്യം ചിന്തിക്കേണ്ടത് . മാവോയിസ്റ്റ് , നക്സൽ ബാധിത പ്രദേശങ്ങളിൽ നിന്ന് പുറത്തുവരുന്ന വാർത്തകളുടെയെല്ലാം സത്യസന്ധത ഉണ്ട എന്ന സിനിമ നിശബ്ദമായി ചോദ്യം ചെയ്യുന്നുണ്ട്. നമുക്ക് ഇത്രയും വലിയ സൈന്യവും രഹസ്യാന്വേഷണ വിഭാഗവുമൊക്കെ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ശരിക്കുള്ള മാവോയിസ്റ്റുകളെ കണ്ടെത്താൻ കഴിയാത്തത്. മാവോയിസ്റ്റ് ഭീതി ഇവിടെ നിലനിൽക്കണമെന്ന് ചിലർ ആഗ്രഹിക്കുന്നുവെന്ന് തോന്നുന്നു. അത്തരം പുതിയ ചിന്തകളും ചർച്ചകളും സമ്മാനിക്കുന്നതാണ് ഉണ്ട എന്ന ചിത്രം.
ഇഷ്കിലെ ക്രൂരനായ ആംബുലൻസ് ഡ്രൈവറുടെ വേഷം താങ്കൾ മനോഹരമാക്കിയല്ലോ ?
ഇത്രയും മോശപ്പെട്ട മനസുമായി നടക്കുന്നവരാണല്ലോ ജനങ്ങളുടെ ജീവൻ രക്ഷിക്കാനായി ആംബുലൻസിൽ ചീറിപ്പാഞ്ഞു പോകുന്നതെന്നു ഓർക്കുമ്പോൾ വല്ലാത്ത വിരോധാഭാസമായി തോന്നുന്നു. സമൂഹത്തിന്റെ എല്ലാ മേഖലയിലും ഇത്തരം മോശക്കാരുണ്ട്. രാത്രിയുടെ ഇരുട്ടിലാണ് പലരുടെയും മുഖവും മനസും കൂടുതൽ വികൃതമാകുന്നത്.
നെഗറ്റീവ് ഷെയിഡുള്ള വേഷങ്ങൾ ചെയ്യാനാണോ കൂടുതൽ താത്പര്യം?
എനിക്ക് ലഭിക്കുന്ന വേഷങ്ങളിൽ കൂടുതലും നെഗറ്റീവ് ഷെയിഡുള്ളവയാണ്. എന്റെ രൂപം ചിലപ്പോൾ അതിനൊരു ഘടകം ആയിരിക്കും. കോമഡി ടച്ചുള്ള കഥാപാത്രങ്ങളും ചെയ്യാനിഷ്ടമാണ്.
കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലെ മാനദണ്ഡം എന്താണ്?
ചില കഥകൾ കേൾക്കുമ്പോൾ തന്നെ സിനിമ നന്നായി വരുമെന്ന് മനസിലാകും. പുതിയ ആളുകൾ വരുമ്പോൾ അവരുടെ വ്യത്യസ്തമായ കാഴ്ചപ്പാടുകൾ കൂടി അവർ പറയുന്ന വിഷയങ്ങളിൽ പ്രതിഫലിക്കാറുണ്ട്. ചില കഥകൾ കേട്ടതിനെക്കാൾ നന്നായി തന്നെ സ്ക്രീനിൽ അവതരിപ്പിക്കാൻ സാധിക്കും. മറ്റ് ചില തിരക്കഥകൾ ഷൂട്ട് ചെയ്തു വരുമ്പോൾ അത്ര നന്നാവാറില്ല. ഒരുപാട് ഘടകങ്ങൾ കൂടി ചേരുമ്പോഴാണല്ലോ ഒരു നല്ല സിനിമ ജനിക്കുന്നത്.
ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നിട്ടും ശ്രദ്ധിക്കപ്പെടാതെ പോയ ഏതെങ്കിലും കഥാപാത്രമുണ്ടോ ?
സിബി മലയിൽ സാറിന്റെ സൈഗാൾ പാടുകയാണ് ഒരുപാട് പ്രതീക്ഷയോടെ ഞാൻ അഭിനയിച്ച ചിത്രമാണ്. എന്നാൽ ആ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയി. പിന്നീട് നോക്കുമ്പോൾ എന്റെ അഭിനയ രീതിയിൽ ഒരുപാട് പ്രശ് നങ്ങളുള്ളതായി തോന്നി. എന്റെ കേസുമായി ബന്ധപ്പെട്ട് അറുപതു ദിവസത്തെ ജയിൽവാസത്തിനു ശേഷം ഞാൻ ആദ്യമായി അഭിനയിച്ച ചിത്രമാണ് സൈഗാൾ പാടുകയാണ്.
വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നല്ലോ ജയിലിൽ പോകേണ്ടി വന്നത് ?
ഇതിഹാസ എന്ന ചിത്രത്തിന്റെ അപ്രതീക്ഷിത വിജയംഎല്ലാവരെയും അദ്ഭുതപ്പെടുത്തി. എനിക്ക് പെട്ടെന്ന് ജീവിതത്തിൽ വലിയൊരു പ്രതീക്ഷ കൈവന്നു. ആ സമയത്താണ് ജീവിതത്തെ മാറ്റി മറിച്ച സംഭവങ്ങളുണ്ടായത്. അറുപതു ദിവസത്തോളം ജയിലിൽ കഴിഞ്ഞു. എനിക്ക് ആത്മവിശ്വാസം നൽകി എന്നെ കൂടെ നിറുത്തിയത് സഹതടവുകാരനായിരുന്ന ഗണപതിയാണ്. ഗണപതി തമിഴ്നാട്ടുകാരനാണ്. രജനികാന്തിന്റെയും ശിവാജി ഗണേശന്റെയും എം.ജി. ആറിന്റെയുമൊക്കെ കഥകൾ പറഞ്ഞു എന്നെ നിരന്തരം മോട്ടിവേറ്റ് ചെയ്യും. എന്നാൽ നമ്മളെ നിരാശപ്പെടുത്തുന്ന കാര്യങ്ങൾ പറയുന്ന തടവുകാരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇങ്ങനെയൊരു കേസിൽ പെട്ടുപോയാൽ ഇനി ഒരിക്കലും തിരിച്ചു വരാൻ കഴിയില്ലെന്ന് ചിലർ പറയുമായിരുന്നു. വിശ്വാസം അതല്ലേ എല്ലാം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയ്ക്കാണ് ഇതെല്ലം സംഭവിക്കുന്നത്. അപ്പോൾ കഥാപാത്രത്തിന്റെ പ്രത്യേക ലുക്കിന് വേണ്ടി ഞാൻ മുടി നീട്ടി വളർത്തിയിരുന്നു. മുടി വെട്ടല്ലേയെന്ന് അഭ്യർത്ഥിച്ചിട്ടും ജയിൽ സൂപ്രണ്ട് നിർബന്ധിപ്പിച്ച് മുടി വെട്ടിപ്പിച്ചു. കുടുംബാംഗങ്ങൾ എല്ലാവരും ഇതറിഞ്ഞു ശരിക്കും തളർന്നു പോയി. എന്റെ മമ്മി രണ്ടാഴ്ചയോളം ആഹാരമൊന്നും കഴിച്ചില്ല. ഓരോ ബുധനാഴ്ചയും ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിച്ചു ഡാഡി വരുന്നതും കാത്തിരിക്കുമായിരുന്നു. എന്നാൽ ജാമ്യം കിട്ടിയത് അറുപതു ദിവസം കഴിഞ്ഞാണ്. ജീവിതത്തിൽ ആദ്യമായി ഒരു പുസ്തകം വായിക്കുന്നത് ജയിലിൽ വച്ചാണ്. പൗലോ കൊയ് ലോയുടെ ദ ഫിഫ്ത് മൗണ്ടൻ. പുസ്തകങ്ങൾ എത്രത്തോളം ഒരു മനുഷ്യനെ സ്വാധീനിക്കുമെന്ന് അറിഞ്ഞത് ആ ദിവസങ്ങളിലാണ്. മാദ്ധ്യമങ്ങളിൽ എന്റെ പേരിൽ വന്ന നിറംപിടിപ്പിച്ച കഥകളെല്ലാം അറിയുന്നത് പുറത്ത് വന്നതിനു ശേഷമാണ്.
ഈ തകർച്ചയിൽ നിന്ന് തിരിച്ചുവന്നത് എങ്ങനെയാണ്?
സിനിമയാണ് എന്നെ മുന്നോട്ട് നയിച്ചത്. അത്രത്തോളം ആഗ്രഹിച്ചു സിനിമയിൽ വന്നയാളാണ് ഞാൻ. ജയിലിനു പുറത്തു എന്നെ കാത്തു നിരവധി കഥാപാത്രങ്ങളുണ്ടെന്ന തോന്നലാണ് പിടിച്ചു നിറുത്തിയത്. പിന്നെ കുടുംബം ശക്തമായി കൂടെ നിന്നു.കമൽ സാറും ആഷിക് അബുവുമൊക്കെ മാനസികമായി നല്ല പിന്തുണ നൽകി.
ഏറ്റവും അധികം സ്വാധീനിച്ചിട്ടുള്ള അഭിനേതാക്കൾ?
കുട്ടിക്കാലത്ത് എന്നെ ഏറ്റവും ആകർഷിച്ചിട്ടുള്ള നടൻ മോഹൻലാലാണ്. പൊതുവെ കുട്ടികളെ പെട്ടെന്ന് ആകർഷിക്കുന്ന സിനിമകളാണല്ലോ അക്കാലത്തു ലാലേട്ടൻ കൂടുതലായി ചെയ്തിരുന്നത്. ഏഴാം ക്ളാസൊക്കെ ആയപ്പോൾ മമ്മൂക്കയെ ഇഷ്ടപ്പെട്ടു തുടങ്ങി. മമ്മൂക്കയുടെ ന്യൂ ഡൽഹി , അമരം തുടങ്ങിയ ചിത്രങ്ങൾ എന്നെ വല്ലാതെ ആകർഷിച്ചിട്ടുണ്ട്.ഞാൻ മലയാള സിനിമയാണ് കൂടുതലും കാണുന്നത്. ആഷിക് അബുവിന്റെയും സമീർതാഹിറിന്റെയും കൂടെ കൂടിയതിനു ശേഷമാണ് വിദേശ സിനിമകൾ കാണാൻ തുടങ്ങിയത്.