ലഖ്നൗ: ഉത്തർപ്രദേശിലെ അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനുള്ള തീയതി ഇന്ന് തീരുമാനിക്കും. ഇതിനായി അയോദ്ധ്യ രാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിലെ അംഗങ്ങൾ ഇന്ന് യോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ക്ഷേത്ര നിർമ്മാണത്തിനായുള്ള കമ്മിറ്റി ചെയർപേഴ്സനുമായ നിപ്രേന്ദ്ര മിശ്ര യോഗത്തിൽ പങ്കെടുക്കുമെന്നാണ് സൂചന.
'പ്രധാനമന്ത്രി അംഗീകരിച്ച ഒരു തീയതിയുമായി അദ്ദേഹം വരും' എന്ന് ഒരു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.ട്രസ്റ്റിന്റെ സുരക്ഷാ ഉപദേഷ്ടാവും അതിർത്തി സുരക്ഷാ സേനയുടെ (ബി.എസ്.എഫിന്റെ) മുൻ ഡയറക്ടർ ജനറലുമായ കെ.കെ ശർമ്മയ്‌ക്കൊപ്പം മിശ്ര വ്യാഴാഴ്ച അയോദ്ധ്യയിലെത്തി വിവിധ അംഗങ്ങളെ സന്ദർശിച്ചു.
അടുത്തമാസം ക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ശിലാസ്ഥാപന ചടങ്ങിലേക്ക് ക്ഷണിക്കാൻ ട്രസ്റ്റിന്റെ പ്രസിഡന്റ് നൃത്യ ഗോപാൽ ദാസ് പ്രധാനമന്ത്രിക്ക് കത്ത് അയച്ചതായി അദ്ദേഹത്തിന്റെ വക്താവ് മഹാന്ത് കമാൽ നയൻ ദാസ് പറഞ്ഞു. ക്ഷേത്ര നിർമാണം ആരംഭിക്കുന്ന ചടങ്ങിൽ രാഷ്ട്രീയ സ്വയംസേവക സംഘം (ആർ.എസ്.എസ്) മേധാവി മോഹൻ ഭാഗവത് പങ്കെടുക്കും.