sachin-priyanka

ന്യൂഡൽഹി: സച്ചിൻ പൈലറ്റിന്റെ ഉപമുഖ്യമന്ത്രി സ്ഥാനവും പി.സി.സി അദ്ധ്യക്ഷസ്ഥാനവും തെറിപ്പിച്ചത് മുഖ്യമന്ത്രിയാകാനുള്ള മോഹം. അശോക് ഗലോട്ടിനെ മുഖ്യന്റെ കസേരയിൽ നിന്ന് മാറ്റി തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് ഗാന്ധി കുടുംബത്തിനോട് സച്ചിൻ നിരന്തരമായി ആവശ്യപ്പെട്ടിരുന്നതായാണ് വിവരം. ഒരു വർഷത്തിനുള്ളിൽ രാജസ്ഥാൻ മുഖ്യമന്ത്രിയാകണമെന്നാണ് ഗാന്ധി കുടുംബത്തിന് മുന്നിലേയ്ക്ക് സച്ചിൻ മുന്നോട്ട് വച്ച ഉപാധി.

സച്ചിന്റെ നിരന്തരമായുള്ള ആവശ്യം ഗാന്ധി കുടുംബം നിരാകരിക്കുകയായിരുന്നു. ഒടുവിൽ സച്ചിനെ കലാപത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ പ്രിയങ്കഗാന്ധിയാണ് ഇടപെട്ടത്. മൂന്ന് മണിക്കൂറോളം പ്രിയങ്കയും സച്ചിനുമായി ഫോൺ സംഭാഷണം നടത്തി. എന്നിട്ടും സച്ചിൻ അയയാത്തതിനെ തുടർന്നാണ് അദ്ദേഹത്തെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കേണ്ടി വന്നത്.

താൻ മുഖ്യമന്ത്രിയാകുമെന്ന് പരസ്യമായി പ്രഖ്യാപിക്കണമെന്നും അല്ലാതെ സോണിയയുമായും രാഹുലുമായും കൂടിക്കാഴ്ച നടത്തുന്നതിൽ അർത്ഥമില്ലെന്നും സച്ചിൻ പ്രിയങ്കയോട് പറഞ്ഞതായി പ്രിയങ്കഗാന്ധിയോട് അടുത്ത വൃത്തങ്ങൾ സ്ഥിരീകരിക്കുന്നു. സച്ചിന്റെ ആവശ്യങ്ങൾ രാഹുൽ ഗാന്ധിയോടും സോണിയ ഗാന്ധിയോടും സംസാരിക്കുമെന്ന് പ്രിയങ്ക പറഞ്ഞെങ്കിലും സച്ചിൻ വഴങ്ങിയില്ല. തനിക്കെതിരെ പ്രവർത്തിക്കുന്ന കോൺഗ്രസിന് എങ്ങനെ അനുരഞ്ജനത്തെക്കുറിച്ച് സംസാരിക്കാൻ കഴിയുമെന്നായിരുന്നു സച്ചിൻ പൈലറ്റിന്റെ മറുചോദ്യം.

പ്രിയങ്കഗാന്ധി സച്ചിൻ പൈലറ്റുമായി നിരന്തരം ഫോണിൽ സംസാരിക്കുന്നതായാണ് വിവരം. സച്ചിന് ഉചിതമായ പല സ്ഥാനങ്ങളും അവർ വാഗ്‌ദാനം ചെയ്യുന്നുണ്ട്. എന്നാൽ സ്വീകരിക്കാൻ നിൽക്കുന്ന കോൺഗ്രസ് തന്നെയാണ് തന്നെ അയോഗ്യനാക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകുന്നതെന്നാണ് സച്ചിൻ പൈലറ്റ് പറയുന്നത്.

പ്രിയങ്കഗാന്ധി സച്ചിന് കോൺഗ്രസ് ദേശീയ നേതൃത്വത്തിലേക്ക് കടന്നുവരാനുള്ള അവസരമാണ് ഒരുക്കുന്നത്. സച്ചിന് ദേശീയ തലത്തിൽ മികച്ച പദവി അവർ വാഗ്‌ദാനം ചെയ്യുന്നു. എന്നാൽ രാജസ്ഥാൻ വിട്ട് സച്ചിൻ പൈലറ്റ് പോകില്ലെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയുന്നത്. രാജസ്ഥാനാണ് തന്റെ കർമ്മഭൂമിയെന്ന് സച്ചിൻ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

രാജസ്ഥാൻ സർക്കാരിനെ താഴെയിറക്കാൻ പൈലറ്റ് ബി.ജെ.പിയുമായി നിരന്തരം ഗൂഢലോചന നടത്തിയെന്ന് കോൺഗ്രസിലെ വലിയൊരു ക്യാമ്പ് ഇപ്പോഴും വിശ്വസിക്കുന്നു. 73 എം‌.എൽ‌.എമാരുള്ള ബി.ജെ.പിക്ക് അധികാര കസേരയിലെത്താൻ മുപ്പതോളം പേർ കൂടി ആവശ്യമാണ്. എന്നാൽ സച്ചിൻ പൈലറ്റ് ബി.ജെ.പിയിൽ ചേരുന്നുവെന്ന് പറയുന്നതിൽ യാതൊരു അർത്ഥവുമില്ലെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ ഇന്നും പറഞ്ഞത്.