wuhan

വാഷിംഗ്ടൺ:കൊവിഡ് രോഗം ലോകമാകെ പടർന്ന് പിടിച്ച് പരിഭ്രാന്തി സൃഷ്ടിച്ച സമയം. രോഗം പടർന്ന് പിടിക്കാൻ കാരണം ചൈനയിലെ ലാബിലുണ്ടായ അപകടമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. 'ചൈനീസ് വൈറസ്' എന്നും ട്രംപ് കൊറോണ വൈറസിനെ വിളിച്ചിരുന്നു. ഇതുമൂലം ചൈനയും അമേരിക്കയുമായി ശീതയുദ്ധം കൊടുമ്പിരികൊണ്ടു. കൊവിഡ് പടരാൻ കാരണം വുഹാനിലെ വൈറസ് ലാബിലെ മതിയായ പരിശീലനം ലഭിക്കാത്ത ഗവേഷകർക്ക് സംഭവിച്ച അബദ്ധമാണെന്നും അതിന് തങ്ങളുടെ കൈവശം വ്യക്തമായ തെളിവ് ഉണ്ടെന്ന് പ്രസിഡന്റ് ട്രംപും മറ്റ് വൈറ്റ്ഹൗസ് ഉന്നതോദ്യോഗസ്ഥരും അഭിപ്രായപ്പെട്ടിരുന്നു. അമേരിക്കൻ മാദ്ധ്യമ സ്ഥാപനമായ വാഷിങ്ടൺ പോസ്റ്റ് ഇത് സംബന്ധിച്ച് കോടതിയിലേക്ക് നീങ്ങി. അമേരിക്കൻ ഭരണകൂടം തെളിവുകൾ പുറത്തുവിടണം എന്നായിരുന്നു ആവശ്യം. തുടർന്ന് ഇപ്പോൾ 2018 മുതലുള‌ള ഭരണകൂടത്തിന്റെ കൈവശമുള‌ള ആഭ്യന്തര രേഖകൾ പുറത്ത് വിട്ടിരിക്കുകയാണ്. രേഖകളിൽ അപകടത്തെ തുടർന്ന് വൈറസ് പുറത്തെത്തിയെന്നോ എത്തിയില്ലെന്നോ പറഞ്ഞിട്ടില്ല. അതിനുള‌ള സാദ്ധ്യതകൾ മാത്രമാണ് പറയുന്നത്. എന്നാൽ ഈ സാദ്ധ്യത ശാസ്‌ത്ര ലോകം പോലും തള‌‌ളിക്കളയുന്നില്ല. കാരണം വവ്വാലുകളിൽ നിന്നും ശേഖരിച്ച കൊറോണ വൈറസുമായി കൊവിഡ് 19 പരത്തുന്ന വൈറസിന് സാമ്യമില്ല എന്നത് തന്നെ.

2018 അമേരിക്കൻ അധികൃതർ വുഹാനിലെ ലാബ് സന്ദർശിച്ചിരുന്നു. ഗവേഷകരുടെയും ടെക്‌നീഷ്യന്മാരുടെയും വളരെ ഗൗരവമേറിയ കുറവ് അന്ന് ലാബിലുണ്ടായിരുന്നു. മൃഗങ്ങളിലെ സാർസ് വൈറസുകളെ കുറിച്ച് അവർ പഠനം നടത്തിയിരുന്നു എന്നാൽ മനുഷ്യനിലെ സാർസ് കൊറോണ വൈറസുകളെ കുറിച്ച് പഠിക്കാൻ ഉന്നത കമ്മീഷന്റെ വ്യക്തമായ അനുമതി വേണമായിരുന്നു. എന്നാൽ രേഖകളുടെ കണ്ടെത്തലുകളെ സർവകലാശാല വിദഗ്ധർ തള‌ളിക്കളയുന്നു. അമേരിക്കയിലെ ഇന്റലിജൻസ് ഡയറ‌ക്‌ടർ ഓഫീസ് തള‌ളിക്കളയുകയോ സ്വീകരിക്കുകയോ ചെയ്‌തിട്ടില്ല. രോഗം പടരാൻ കാരണം മൃഗങ്ങളിൽ നിന്നും പടർന്നതാണോ വുഹാനിലെ ലാബിൽ നിന്നും വന്നതാണോ എന്നത് ഓഫീസ് പരിശോധിക്കുന്നേയുള‌ളൂ എന്നാണ് അറിവ്.

ന്യൂയോ‌ർക്ക് ടൈംസ് പത്രത്തിൽ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളെ ട്രംപ് ഭരണകൂടത്തിന്റെ വുഹാൻ ലാബ് സിദ്ധാന്തത്തിനെ പിന്തുണക്കാൻ നിർബന്ധിക്കുകയാണെന്ന് വന്ന റിപ്പോർട്ടിനെ തുടർന്നാണ് അമേരിക്കൻ രേഖകൾ പുറത്ത് വിട്ടത്. മുൻപ് ചൈനയെയും ലോകാരോഗ്യ സംഘടനയെയും കൊവിഡ് പടർന്നുപിടിക്കുന്നതിന് കാരണമായി അമേരിക്കൻ ഭരണകൂടം കു‌റ്റപ്പെടുത്തിയിരുന്നു. 37 ലക്ഷം ജനങ്ങൾക്ക് കൊവിഡ് രോഗം ബാധിച്ച അമേരിക്കയിൽ 1,40,000 പേർ മരണമടയുകയും ചെ‌യ്‌തു.