cpm

ന്യൂഡൽഹി: സ്വർണക്കടത്ത് വിവാദം സി.പി.എം കേന്ദ്രകമ്മിറ്റി ചർച്ച ചെയ്യും. കേന്ദ്രകമ്മിറ്റിയുടെ അജണ്ടയിൽ വിഷയം ഉൾപ്പെടുത്തി. സംസ്ഥാന സർക്കാരിനെ ബാധിച്ച എല്ലാ വിഷയത്തിലും സമഗ്ര അന്വേഷണം നടക്കട്ടെയെന്നാണ് നിലവിൽ സി.പി.എം കേന്ദ്രനേതൃത്വത്തിന്റെ നിലപാട്.

സ്വർണക്കടത്ത് വിവാദത്തെ രാഷ്ട്രീയമായി പ്രതിരോധിക്കുന്നതിനുള്ള വഴിയാണ് സി.പി.എം ആലോചിക്കുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റ് കൈക്കൊണ്ട തീരുമാനങ്ങൾക്ക് പൂർണ പിന്തുണയാണ് നിലവിൽ പാർട്ടി നൽകുന്നത്. സംസ്ഥാന സർക്കാർ നൽകിയിരിക്കുന്ന എല്ലാ കൺസൾട്ടൻസി കരാറുകളും പരിശോധിക്കണമെന്നാണ് സി.പി.എം നേതൃത്വത്തിന്റെ നിർദ്ദേശം. ഇതുവരെ നൽകിയ കരാറുകളെല്ലാം പരിശോധിക്കണം. എന്തെങ്കിലും അപകാതയുണ്ടെങ്കിൽ കണ്ടെത്തി ഉടൻ തിരുത്തണമെന്ന നിലപാടാണ് സി.പി.എം കേന്ദ്ര നേതൃത്വം സ്വീകരിച്ചിരിക്കുന്നത്.

പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിന് കൺസൾട്ടൻസി കരാറുകൾ കൈമാറിയത് സംബന്ധിച്ച് സംസ്ഥാന സർക്കാരിനെതിരെ വലിയ വിവാദങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന് വന്നിരുന്നത്. ഇത് ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിലും വന്നിരുന്നു. ഇതെ തുടർന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ കൂടി ആവശ്യപ്രകാരം കരാറുകളെല്ലാം പരിശോധിക്കാൻ സംസ്ഥാന തലത്തിൽ തന്നെ നടപടിയുമായി മുന്നോട്ട് പോകുന്നത്.

വിവാദ കമ്പനികളെയും കരിമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനികളെയും നിർബന്ധമായും ഒഴിവാക്കണമെന്ന കർശന നിർദേശം കേന്ദ്ര നേതൃത്വം സംസ്ഥാന സർക്കാരിന് നൽകിയിട്ടുണ്ട്. ചില പദ്ധതികൾക്ക് കണസൾട്ടസികളെ ഒഴിവാക്കി മുന്നോട്ട് പോകാനാകില്ല. അത്തരം സന്ദർഭങ്ങളിൽ കണസൾട്ടൻസികൾ നൽകുന്ന റിപ്പോർട്ടുകൾ വിവേകപൂർവ്വം പരിശോധിക്കണമെന്നും സി.പി.എം കേന്ദ്രനേതൃത്വം വ്യക്തമാക്കുന്നു.