തിരുവനന്തപുരം: കൊവിഡ് പോസിറ്റീവായ പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്ക് നിരീക്ഷണത്തിനെത്തുന്നവർ അവശ്യസാധനങ്ങൾ കൂടി കൊണ്ടുവരണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ.മറ്റ് രോഗങ്ങളുളളവർ അതിനുളള മരുന്നുകൾ കൈയിൽ കരുതണം.
തിരുവനന്തപുരം കഴക്കൂട്ടത്ത് ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ ഒരുക്കിയ ഫസ്‌റ്റ്ലൈൻ ചികിത്സാ കേന്ദ്രത്തിലെ കൊവിഡ് ചികിത്സാ സംവിധാനങ്ങൾ വിലയിരുത്തി സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. തിരുവനന്തപുരത്ത് 12 ക്ളസ്‌റ്ററുകളാണ് നിലവിലുളളത്. ഇനിയും വർദ്ധിക്കാനോ കുറയാനോ ഇടയുണ്ട്. പുതിയവ വരാതിരിക്കാൻ ശ്രമിക്കുകയാണ് സർക്കാർ.അതിനാണ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ ഒരുക്കിയത്. സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം ഊർജ്ജിതമായി നടക്കുകയാണ്. കേരളത്തിൽ ഇന്ത്യയിൽ മറ്റിടങ്ങളിലെതിനെക്കാൾ മരണനിരക്ക് കുറവാണ്. എങ്കിലും ഓരോ മനുഷ്യജീവനും വിലപ്പെട്ടത്. ജനങ്ങൾ ജീവന്റെ വിലയുളള ജാഗ്രത കാണിക്കുക.നിലവിൽ സംസ്ഥാനത്ത് മൂന്നാംഘട്ട വ്യാപനം ഏറാൻ കാരണം മാർക്കറ്റുകളുമായി ബന്ധപ്പെട്ട് ഉണ്ടായ കേസുകളാണ്. കാര്യവട്ടത്ത് ഡോ.അരുണിന്റെ നേതൃത്വത്തിലാണ് ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിലെ ഫസ്‌റ്റ്‌ലൈൻ ചികിത്സാ കേന്ദ്രം.