good-day

ലോക്ക്ഡൗണ്‍ കാലം അവസരമാക്കിയതില്‍ പ്രമുഖ ബിസികറ്റ് ബേക്കറി ഉത്പന്നങ്ങളുടെ നിര്‍മ്മാതാക്കളായ ബ്രിട്ടാനിയ സ്വന്തമാക്കിയത് വമ്പന്‍ നേട്ടം. ജൂണ്‍ മുപ്പതിന് അവസാനിച്ച ആദ്യപാദ കണക്കുകള്‍ പരിശോധിച്ചാല്‍ ബ്രിട്ടാനിയയുടെ വളര്‍ച്ച 117 ശതമാനമാണ്. ഇതോടെ ഇക്കാലയളവിലെ കമ്പനി വരുമാനം 545.7 കോടി ഡോളറായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരുപത്തിയാറ് ശതമാനമാണ് വര്‍ദ്ധനവ്.

രാജ്യത്തെ മറ്റു ബിസ്‌ക്കറ്റ് ബ്രാന്‍ഡുകള്‍ക്കും ഈ കാലയളവ് വളര്‍ച്ചയുടേതായിരുന്നു. കുറഞ്ഞ വിലയില്‍ കൂടുതല്‍ പ്രചാരം നേടിയ പാര്‍ലേജിയാണ് ഇക്കാര്യത്തില്‍ ഏറെ നേട്ടമുണ്ടാക്കിയത്. കഴിഞ്ഞ നാല് ദശകത്തിനിടയില്‍ ഇത്രയും വില്‍പ്പനയുണ്ടായിട്ടില്ലെന്നാണ് പാര്‍ലെജിയുടെ വില്‍പ്പനയെ ചൂണ്ടിക്കാട്ടി കമ്പനി അഭിപ്രായപ്പെട്ടിരുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് വാഹനമില്ലാതെ കാല്‍നടയായും മറ്റും സഞ്ചരിച്ച അന്യസംസ്ഥാന തൊഴിലാളികള്‍ വലിയ അളവില്‍ കുറഞ്ഞ വിലയ്ക്കുള്ള ബിസ്‌ക്കറ്റ് വാങ്ങി ശേഖരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതാണ് പാര്‍ലെ ജിയുടെ വില്‍പ്പന കുതിച്ചുയരാന്‍ കാരണമാക്കിയത്. അതേ സമയം ബ്രിട്ടാനിയയുടെ പ്രിയ ബ്രാന്റുകളായ ഗുഡ് ഡേ, മില്‍ക്ക് ബിക്കിസ്, മാരി ഗോള്‍ഡ് തുടങ്ങിയവയും മികച്ച മുന്നേറ്റമുണ്ടാക്കിയതായി കണ്ടെത്തിയിട്ടുണ്ട്. വീടുകളില്‍ വലിയ അളവില്‍ വാങ്ങി സൂക്ഷിച്ചതായിട്ടാണ് വിലയിരുത്തുന്നത്. എന്നാല്‍ ബ്രാന്‍ഡുകളുടെ വില്‍പ്പനയ്ക്കായി തങ്ങളുടെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ വിജയിച്ചതായിട്ടാണ് വില്‍പ്പനയിലെ വര്‍ദ്ധനവിനെ കമ്പനി കണക്കാക്കുന്നത്.