തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികളെ തിരുവനന്തപുരത്ത് എത്തിച്ച് എൻ.ഐ.എ സംഘം തെളിവെടുപ്പ് നടത്തി. സന്ദീപിനേയും സ്വപ്നയേയും രഹസ്യമായാണ് കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് എത്തിച്ചത്. ലോക്കൽ പൊലീസിനെ പോലും അറിയിക്കാതെയായിരുന്നു ദേശീയ അന്വേഷണ ഏജൻസിയുടെ നീക്കം.
സ്വർണക്കടത്ത് പ്രതി സന്ദീപ് നായരുടെ സ്ഥാപനത്തിലും കസ്റ്റംസ് റെയ്ഡ് നടത്തി. നെടുമങ്ങാടുളള കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിലാണ് റെയ്ഡ് നടന്നത്. സ്ഥാപനത്തിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ കസ്റ്റംസ് എൻ.ഐ.എയ്ക്ക് കൈമാറി.
മുഖ്യപ്രതികളിലൊരാളായ സന്ദീപിനെ സ്വപ്‌നയുടെ അമ്പലമുക്കിലെ ഫ്ലാറ്റിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. സന്ദീപിനെ വാഹനത്തിൽ നിന്ന് ഇറക്കാതെ ഫ്ലാറ്റിന്റെ പാർക്കിംഗ് ഏരിയയിൽ വച്ച് സന്ദീപിനോട് ഉദ്യോഗസ്ഥർ കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു. സുരക്ഷാ കാരണങ്ങളെ തുടർന്നാണ് സന്ദീപിനെ പുറത്തിറക്കാതിരുന്നത്.
സ്വർണക്കടത്ത് കേസിലെ പ്രതികളെ കൊച്ചിയിൽ നിന്ന് തലസ്ഥാനത്ത് എത്തിക്കുന്ന വിവരം അവസാന ഘട്ടത്തിലാണ് പൊലീസിനോട് പങ്കുവച്ചത്. സെക്രട്ടേറിയറ്റിന് സമീപത്തെ ഫ്ലാറ്റിലും അമ്പലമുക്കിലെ ഫ്ലാറ്റിലും അടക്കം തലസ്ഥാനത്ത് പലയിടത്തും പരിശോധനയും തെളിവെടുപ്പും നടന്നു. പി.ടി.പി നഗറിലെ സ്വപ്ന വാടകയ്ക്ക് താമസിച്ച വീട്ടിലും എൻ.ഐ.എ പരിശോധന നടത്തി.
എൻ.ഐ.എ സംഘം സന്ദീപിനെ അരുവിക്കരയിലെ വീട്ടിൽ എത്തിച്ചും തെളിവെടുപ്പ് നടത്തി. സന്ദീപിനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം പരിശോധന നടത്തുന്ന സമീപനമാണ് എൻ.ഐ.എ സ്വീകരിച്ച്ത്. സന്ദീപിന്റെ അമ്മയോടും ബന്ധുക്കളോടും എൻ.ഐ.എ സംഘം സംസാരിച്ചു. മൂന്ന് വാഹനങ്ങളിലായി സായുധ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടന്നത്. ഇപ്പോൾ സ്വപ്‌നയേയും സന്ദീപിനേയും പേരൂർക്കട പൊലീസ് ക്ലബിലെ എൻ.ഐ.എ ക്യാമ്പിൽ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുകയാണെന്നാണ് വിവരം.