spacex

ന്യൂയോർക്ക്:ഇലോൺ മസ്‌കിന്റെ സ്വകാര്യ ബഹിരാകാശ സ്ഥാപനമായ സ്‌പേസ് എക്‌സ് നാസയുമായി ചേർന്ന് പ്രഥമ ബഹിരാകാശ ദൗത്യത്തിലാണ്. ഡെമോ-2 ഗവേഷണ മിഷനുമായി അന്താരാഷ്‌ട്ര ബഹിരാകാശ കേന്ദ്രത്തിലേക്ക് പോയ നാസ ബഹിരാകാശ ശാസ്‌ത്രജ്ഞർ രണ്ട് മാസത്തിന് ശേഷം ആഗസ്‌റ്റ് 2ന് തിരികെ ഭൂമിയിലെത്തും. അമേരിക്കൻ ബഹിരാകാശ ശാസ്‌ത്രജ്ഞരായ ബോബ് ബെഹ്‌ൻകെൻ, ഡഗ് ഹർലി എന്നിവരാണ് തിരികെയെത്തുകയെന്ന് നാസ വക്താവ് അറിയിച്ചു.

2011ന് ശേഷം അമേരിക്കയുടെ ആദ്യ വലിയ ബഹിരാകാശ ദൗത്യമാണിത്. അ‌റ്റ്ലാന്റിക് സമുദ്രത്തിലാകും സ്‌പേസ് എക്‌സിന്റെ 'ക്രൂ ഡ്രാഗൺ' എന്ന ഡ്രാഗൺ 2 ബഹിരാകാശ വാഹനം വന്ന് പതിക്കുക. സ്‌പേസ് എക്‌സിനു പുറമേ ബോയിംഗ് കമ്പനിക്കും നാസ ബഹിരാകാശ ദൗത്യത്തിന് സഹായം ചെയ്യുന്നുണ്ട്. ബോയിംഗിന്റെ സിഎസ്ടി-100 എന്ന സ്‌റ്റാർ ലൈനർ വാഹനമാണ് അടുത്തവർഷം ബഹിരാകാശ ഗവേഷകരുമായി പറക്കുക. സ്‌പേസ് എക്‌സിനും ബോയിംഗിനുമായി എട്ട് ബില്യൺ ഡോളറാണ് അവരുടെ റോക്ക‌റ്റ് വികസനത്തിനായി നാസ അനുവദിച്ചത്.
ബോബ് ബെഹ്‌ൻകെനും ഹർലിയും തങ്ങളുടെ ആകാശനടത്തം ജുലായ് 21ന് നടത്തും. അതേസമയം ഇങ്ങ് ഭൂമിയിൽ ദൗത്യം ആസൂത്രണം ചെയ്‌തവർ കാലാവസ്ഥ പ്രവചനങ്ങൾ വഴി 'സ്‌പേസ് എക്‌സ് ഡ്രാഗൺ 2' ഭൂമിയിലെത്തുന്നതിനായി കണക്കുകൂട്ടി അക്ഷമയോടെ കാത്തിരിക്കയാണ്. ഡ്രാഗൺ 2ന്റെ വരവ് അൽപദിവസം മാറാനും സാദ്ധ്യതയുണ്ടെന്നാണ് നാസ വക്താവ് നൽകുന്ന സൂചന.