1. സ്വര്‍ണ്ണ കടത്ത് കേസ് പ്രതി സന്ദീപിനെ തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ്. കേസ് അന്വേഷിക്കുന്ന എന്‍.ഐ.എ സംഘമാണ് സന്ദീപ് നായരെ തെളുവെടുപ്പിന് ആയി തിരുവനന്തപുരത്ത് എത്തിച്ചത്. സ്വപ്ന സുരേഷിനേയും തെളിവെടുപ്പിനായി തലസ്ഥാനത്ത് എത്തിച്ചതായി സൂചനയുണ്ട്. സ്വപ്നയുടെ അമ്പലമുക്കിലെ ഫ്ളാറ്റിലും സെക്രട്ടേറിയറ്റിന് സമീപത്തെ ഫ്ളാറ്റിലും അന്വേഷണ സംഘം പരിശോധന നടത്തുക ആണ്. അതേസമയം, നയതന്ത്ര ബാഗ് അയക്കാന്‍ ഫൈസല്‍ ഫരീദിനെ ചുമതലപ്പെടുത്തിയത് അറ്റാഷെ എന്ന് രേഖ. തന്റെ അസാന്നിധ്യത്തില്‍ ഫൈസല്‍ കാര്‍ഗോ അയക്കും എന്നാണ് കത്തിലെ പരാമര്‍ശം. ദുബായിലെ സ്‌കൈ കാര്‍ഗോ കമ്പനിയ്ക്ക് ആണ് കത്ത്.
2. കരാര്‍, കണ്‍സള്‍ട്ടന്‍സി നിയമനങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമനങ്ങള്‍ പ്രത്യേക സാഹചര്യത്തില്‍ അനിവാര്യം ആണെന്ന് പ്രതിപക്ഷ നേതാവിന്റെ കത്തിന് മുഖ്യമന്ത്രിയുടെ മറുപടി. പ്രാവീണ്യമുള്ളവരുടെ സേവനത്തിന് ആണ് കണ്‍സള്‍ട്ടന്‍സിയെ വയ്ക്കുന്നത്. കണ്‍സള്‍ട്ടന്‍സി നിയമനങ്ങള്‍ സര്‍ക്കാര്‍ നിയമനങ്ങളല്ല. നിയമനങ്ങള്‍ പി.എസ്.സിക്ക് വിടേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രിയുടെ വിശദീകരണം. സങ്കുചിത താല്‍പ്പര്യങ്ങള്‍ മുന്‍നിറുത്തി ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ നിക്ഷേപകര്‍ കേരളത്തിലേക്ക് വരാന്‍ മടിക്കും. യു.ഡി.എഫ് ഭരണകാലത്ത് കരാര്‍, ദിവസ വേതന നിയമനങ്ങള്‍ ഇപ്പോഴുളളതിലും മൂന്ന് ഇരട്ടി ആയിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു
3. എന്നാല്‍ കണ്‍സള്‍ട്ടന്‍സി കരാറുകള്‍ വിവാദമായ സാഹചര്യത്തില്‍ കരാറുകളെല്ലാം പരിശോധിക്കണം എന്ന് സര്‍ക്കാരിനോട് സി.പി.എം. ഇതുവരെ നല്‍കിയ കരാറുകളെല്ലാം പരിശോധിക്കണം. എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ കണ്ടെത്തി ഉടന്‍ തിരുത്തണമെന്ന നിലപാടാണ് സി.പി.എം കേന്ദ്ര നേതൃത്വത്തിന്റേത്. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ അടക്കം കണ്‍സള്‍ട്ടന്‍സി കരാറുകള്‍ കൈമാറിയത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് എതിരെ വലിയ വിവാദങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി ഉയര്‍ന്ന് വന്നിരുന്നത്. ഇത് ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിലും വന്നിരുന്നു. ഇതേതുടര്‍ന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ കൂടി ആവശ്യപ്രകാരം കരാറുകളെല്ലാം പരിശോധിക്കാന്‍ സംസ്ഥാന തലത്തില്‍ തന്നെ നടപടിയുമായി മുന്നോട്ട് പോകുന്നത്
4. അതേസമയം, പിടിച്ചുനില്‍ക്കാന്‍ കഴിയാതായതോടെ കുറ്റസമ്മതം നടത്തുക ആണ് മുഖ്യമന്ത്രിയെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍. കരിമ്പട്ടികിയല്‍ ഉള്‍പ്പെട്ട പി.ഡബ്ല്യു.സിക്ക് കരാര്‍ കൊടുത്തതിന് എതിരെ സ്വര്‍ണ്ണ കള്ളക്കടത്ത് വാര്‍ത്ത വരുന്നതിന് മുമ്പ് പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചിരുന്നു. എന്നാല്‍ അന്ന് മുഖ്യമന്ത്രി അതിനെ ന്യായീകരിക്കുക ആയിരുന്നു. സ്വപ്നയുടെ നിയമനത്തിന് പി.ഡബ്ല്യു.സി സ്വാധീനം ചെലുത്തിയെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചപ്പോള്‍ തനിക്ക് അറിയില്ല എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഇന്ന് കുറ്റസമ്മതം നടത്തി രക്ഷപ്പെടാനാണ് ശ്രമിക്കുന്നത് എന്നും മുഖ്യമന്ത്രി രാജിവക്കണം എന്നും ബെന്നി ബെഹ്നാന്‍ പറഞ്ഞു
5. സമൂഹ വ്യാപനം സ്ഥിരീകരിച്ച തിരുവനന്തപുരം പൂന്തുറയിലും പുല്ലുവിളയിലും അതിജാഗ്രത. തീരപ്രദേശം മൂന്നായി തിരിച്ച് പൂര്‍ണമായി അടച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗം ആണ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക. നഗരസഭ പരിധിയില്‍ ലോക്ഡൗണ്‍ നീട്ടാനാണ് ആലോചന. രാജ്യത്ത് തന്നെ ആദ്യമായി സര്‍ക്കാര്‍ സമൂഹ വ്യാപനം ഔദ്യോഗികമായി സ്ഥിരീകരിക്കുമ്പോള്‍ മേഖലയിലെ അപകടാവസ്ഥ വ്യക്തമാണ്. ഇതോടെയാണ് തീരമേഖല മൂന്ന് സോണുകളായി തിരിച്ച് സമ്പൂര്‍ണ ലോക് ഡൗണ്‍ നടപ്പാക്കാനുള്ള തീരുമാനം.
6. അഞ്ചുതെങ്ങ് മുതല്‍ പെരുമാതുറ വരെയാണ് ഒന്നാം സോണ്‍. രണ്ട് പെരുമാതുറ മുതല്‍ വിഴിഞ്ഞം വരെയും മൂന്ന് വിഴിഞ്ഞം മുതല്‍ ഊരമ്പ് വരെയും. തീരമേഖലയില്‍ നിന്ന് നഗരത്തിലേയ്ക്കും തിരിച്ചും പ്രവേശനം നിരോധിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗ ബാധിതരുള്ള ജില്ലയില്‍ 1,515 പേര്‍ ചികില്‍സയിലുണ്ട്. ജില്ലയില്‍ പൂര്‍ണമായും ലോക് ഡൗണ്‍ വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. രോഗബാധ കൂടുതലുളള മറ്റിടങ്ങളിലും തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളിലും ടിപ്പിള്‍ ലോക് ഡൗണ്‍ നടപ്പാക്കും.
7. കൊല്ലം ചവറ, പന്മന പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ആണ് നടപടി. കൊല്ലം നഗരസഭയുടെ ആറ് വാര്‍ഡുകളും പരവൂര്‍ നഗരസഭ പൂര്‍ണ്ണമായും കണ്ടെയിന്‍മെന്റ് സോണുകള്‍ ആക്കി. ഇതോടെ ജില്ലയിലെ 32 പഞ്ചായത്തുകള്‍ കണ്ടെയിന്‍മെന്റ് സോണുകളാണ്. കൊവിഡ് രോഗബാധ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൊല്ലം ജില്ലയിലെ മത്സ്യ വിപണന മാര്‍ക്കറ്റുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും. നിയമം ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയുണ്ടാകും. തൊഴില്‍ നഷ്ടപ്പെട്ട പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ക്ക് ഉടന്‍ സര്‍ക്കാര്‍ വക സഹായധനം നല്‍കും.
8. മത്സ്യ തൊഴിലാളികളില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരാന്‍ തുടങ്ങിയതോടെ ആണ് കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടം മുന്നോട്ട് പോകുന്നത്. ജില്ലയിലെ ചന്തകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടാന്‍ ആണ് ജില്ലാ ഭരണ കൂടത്തിന്റെ തീരുമാനം. ഇത് അനുസരിച്ച് ജില്ലയിലെ 93 മത്സ്യ ചന്തകള്‍ അടഞ്ഞ് കിടക്കും. പരവൂര്‍ മുതല്‍ അഴിക്കല്‍ വരെ നീളുന്ന തീര പ്രദേശത്ത് അഞ്ച് മത്സ്യ ബന്ധന ഗ്രാമങ്ങളാണ് ഉള്ളത്. ഇവയെല്ലാം കഴിഞ്ഞ ഒരാഴ്ചയായി അടഞ്ഞ് കിടക്കുയാണ്
9. രാജസ്ഥാനിലെ രാഷ്ട്രീയ നാടകങ്ങള്‍ തുടരുന്നു. സച്ചിന്‍ പൈലറ്റിന് ഒപ്പമുള്ള എം.എല്‍.എമാരെ ഹരിയാനയിലെ റിസോര്‍ട്ടില്‍ നിന്ന് മാറ്റി. റിസോര്‍ട്ടില്‍ പൊലീസ് എത്തി എങ്കിലും എം.എല്‍.എമാരെ കാണാതെ മടങ്ങുക ആയിരുന്നു. അതേസമയം, ഒരു വര്‍ഷത്തിനുള്ളില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയാക്കണമെന്ന് സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടിരുന്നത് ആയി വിവരം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സന്ദര്‍ശിക്കാന്‍ വിസമ്മതിക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. പൈലറ്റിനെ അനുനയിപ്പിക്കാന്‍ പ്രിയങ്കാ ഗാന്ധി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അപ്പോഴാണ് പൈലറ്റ് തന്റെ ആവശ്യം ഉന്നയിച്ചത്.
10. തന്നെ മുഖ്യമന്ത്രിയാക്കും എന്ന് പരസ്യമായി പ്രഖ്യാപിക്കണമെന്ന് സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വാക്ക് നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ നെഹ്റു കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നതില്‍ അര്‍ഥമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രിയങ്കാ ഗാന്ധിയുമായുള്ള ഫോണ്‍ സംസാരം കഴിഞ്ഞതിന് ശേഷം സ്ഥാനങ്ങളില്‍ നിന്നും നീക്കിയത് പൈലറ്റിന് ബുദ്ധിമുട്ടുണ്ടാക്കി. അശോക് ഗെലോട്ട് തന്നെ ആക്രമിച്ചുവെന്ന് പൈലറ്റ് പറഞ്ഞതായും റിപ്പോര്‍ട്ടില്‍ വ്യക്തമാണ്.