തിരുവനന്തപുരം: പുലർച്ചെ ആറ് മണിയോടെയാണ് സ്വപ്‌നയുമായി എൻ.ഐ.എ സംഘം കൊച്ചിയിൽ നിന്നും തലസ്ഥാനത്തേയ്ക്ക് യാത്ര തിരിച്ചത്. തലസ്ഥാനത്ത് സ്വപ്നയെ എത്തിക്കുന്ന വിവരം അവസാന ഘട്ടത്തിലാണ് പൊലീസിനോട് എൻ.ഐ.എ പങ്കുവയ്ക്കുന്നത്.
സ്വപ്‌നയേയും സന്ദീപിനേയും കൂട്ടി രണ്ട് സംഘമായി തിരിഞ്ഞാണ് എൻ.ഐ.എ തെളിവെടുപ്പ് നടന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നെന്ന് കണ്ടെത്തിയ സെക്രട്ടറിയേറ്റിന് സമീപത്തെ ഹെദർ ഫ്‌ളാറ്റിൽ അന്വേഷണസംഘം പ്രാഥമിക പരിശോധന നടത്തി. അതിനു ശേഷമായിരുന്നു സ്വർണക്കടത്ത് കേസിലെ പ്രതികൾ ഒത്തുചേർന്നിരുന്ന വിവിധ സ്ഥലങ്ങളിൽ അന്വേഷണസംഘമെത്തിയത്.
ഹെദർ ഫ്ലാറ്റ്, കേശവദാസപുരത്തുള്ള റോയൽ ഫർണിച്ചർ കട, സ്വപ്ന കുടുംബസമേതം താമസിച്ചിരുന്ന അമ്പലമുക്കിലെ ഫ്ലാറ്റ് എന്നിവിടങ്ങളിലാണ് സ്വപ്നയുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയത്. സ്വപ്‌നയുമായി തെളിവെടുപ്പ് നടക്കുമ്പോൾ തന്നെ സമാന്തരമായി വെള്ളയമ്പലം ആൽത്തറയ്ക്ക് സമീപമുള്ള വീട്, മരുതംകുഴിയിലെ വീട്, ഹെദർ ഫ്ലാറ്റ്, അരുവിക്കരയിലെ വീട് എന്നിവിടങ്ങളിലാണ് സന്ദീപിനെ കൂട്ടി തെളിവെടുപ്പ് നടത്തിയത്. അമ്പലമുക്കിലെ ഫ്‌ളാറ്റിൽ നടത്തിയ പരിശോധനയ്ക്ക് ശേഷം സ്വപ്‌നയെ പൊലീസ് ക്ലബ്ബിലെ എൻ.ഐ.എ സംഘത്തിന്റെ ക്യാമ്പിലെത്തിച്ചു. സ്വപ്നയേയും സന്ദീപിനെയും ഇപ്പോൾ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുകയാണെന്നാണ് വിവരം.