മുംബയ് : ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ നിന്ന് ഡെക്കാൻ ചാർജേഴ്സ് ടീമിനെ പുറത്താക്കിയതിന് നഷ്ടപരിഹാരമായി ബി.സി.സി.ഐ 4,800 കോടിയിലധികം രൂപ നൽകണമെന്ന് ആർബിട്രേറ്ററുടെ തീരുമാനം. ഐപിഎല്ലിൽനിന്ന് ഫ്രാഞ്ചൈസിയെ പുറത്താക്കിയത് നിയമവിരുദ്ധമാണെന്നു ആർബിട്രേറ്റർ കണ്ടെത്തിയതായും ഉടമകളായ ഡെക്കാൻ ക്രോണിക്കിൾസ് ഹോൾഡിംഗ്സ് ലിമിറ്റഡിന്റെ അഭിഭാഷകൻ അറിയിച്ചു. .
ചാർജേഴ്സ് ചരിത്രം
2008ൽ ഐപിഎൽ ആരംഭിച്ചപ്പോഴാണ് ഹൈദരാബാദ് കേന്ദ്രമാക്കി ഡെക്കാൻ ചാർജേഴ്സ് ടീമുമായി ഡി.സി.എച്ച്.എൽ മുന്നോട്ടുവന്നത്. 2009ലെ ചാമ്പ്യന്മാരും ചാർജേഴ്സായിരുന്നു. ബി.സി.സി.ഐയുമായി പത്ത് വർഷത്തെ കരാറാണ് ടീം ഉണ്ടാക്കിയത്. എന്നാൽ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് ബി.സി.സി.ഐ 2012 ആഗസ്റ്റ് 11ന് ഡി.സി.എച്ച്.എല്ലിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. 30 ദിവസത്തിനകം മറുപടി നൽകണമെന്നും ബി.സി.സി.ഐ ആവശ്യപ്പെട്ടു. എന്നാൽ 30 ദിവസം പൂർത്തിയാകുന്നതിന് ഒരു ദിവസം മുൻപ് ടീമിനെ പുറത്താക്കിയെന്ന് ഡി.സി.എച്ച്.എൽ ആരോപിച്ചു.
ബി.സി.സി.സി.ഐയുടെ ചാർജ്
100 കോടി രൂപയുടെ ബാങ്ക് ഗ്യാരന്റി നൽകാൻ സാധിക്കാതെ പോയതോടെയാണ് ഹൈദരാബാദ് ഫ്രാഞ്ചൈസിയെ ഐപിഎല്ലിൽ നിന്നു പുറത്താക്കിത്. ഐ.പി.എല്ലിൽ തുടരണണമെങ്കിൽ ബാങ്ക് ഗാരന്റി നൽകണമെന്ന് 2012ൽ ബോംബെ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇക്കാര്യത്തിൽ തൃപ്തികരമായ വിശദീകരണം നൽകാൻ ടീമിന് സാധിക്കാതെ പോയതോടെയാണു നടപടിയെടുത്തത്.
തുടർന്ന് ഡി.സി.എച്ച്. എൽ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. പുറത്താക്കൽ നടപടി ഏകപക്ഷീയമാണെന്നായിരുന്നു വാദം.
ആർബിട്രേറ്റർ വിധി
വിഷയത്തിൽ തീരുമാനമെടുക്കാൻ ആർബിട്രേറ്ററായി സുപ്രീം കോടതി ജഡ്ജിയായിരുന്ന സി.കെ. തക്കറിനെയാണ് ഹൈക്കോടതി ചുമതലപ്പെടുത്തിയത്. ഡെക്കാൻ ചാർജേഴ്സിനെ പുറത്താക്കിയത് നിയമവിരുദ്ധമാണെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ. നഷ്ടപരിഹാരമായി ഇത്രയും വലിയ തുക ബി.സി.സി.ഐ നൽകണമെന്നും അദ്ദേഹം നിലപാടെടുത്തു. 107 മില്യൻ ഡോളറിനാണ് 2008ൽ ടീമിന്റെ അവകാശം ഡിസിഎച്ച്എൽ സ്വന്തമാക്കിയത്. ഡെക്കാൻ ചാർജേഴ്സിന്റെ പുറത്താകലിന് ശേഷം പുതിയ ടെൻഡർ അനുവദിച്ചാണ് സൺറൈസേഴ്സ് ഹൈദരാബാദിനെ ഉൾപ്പെടുത്തിയത്.
ഇനി എന്ത്
സെപ്റ്റംബർ മാസത്തോടെ ബിസിസിഐ തുക നൽകണമെന്നാണ് ആർബിട്രേറ്ററുടെ നിർദേശം. ബി.സി.സി.ഐക്ക് ഇതിനെതിരെ ബോംബെ ഹൈക്കോടതിയെയോ, ആവശ്യമെങ്കിൽ സുപ്രീം കോടതിയെയോ സമീപിക്കാം. അതേസമയം ആർബിട്രേറ്ററുടെ നിലപാട് ഇതിനകം പാപ്പരായി പ്രഖ്യാപിച്ച ഡി.സി.എച്ച്.എല്ലിന് ആശ്വാസമാകും.