@പരീക്ഷിക്കുന്നത് കൊവാക്‌സിൻ, സൈകൊവ് - ഡി വാക്സിനുകൾ
@ ട്രയൽ പൂർത്തിയാക്കാൻ 6 - 7 മാസം വേണം.
ഹൈദരാബാദ്: ഇന്ത്യയിൽ ആദ്യമായി വികസിപ്പിച്ച രണ്ട് കൊവിഡ് വാക്സിനുകളുടെ മനുഷ്യരിലെ പരീക്ഷണത്തിന്റെ ആദ്യഘട്ടം തുടങ്ങി. ശരീരത്തിന് സുരക്ഷിതമാണോ എന്നറിയുകയാണ് ആദ്യഘട്ടം.
ഹൈദരാബാദിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്‌സിൻ (Covaxin ), അഹമ്മദാബാദിലെ സൈഡസ് കാഡില ഹെൽത്ത് കെയർ കമ്പനിയുടെ സൈകൊവ് - ഡി ( ZyCov-D ) എന്നിവയാണ് പരീക്ഷിക്കുന്നത്.
ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ, നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, എന്നിവയുടെ സഹകരണത്തോടെയാണ് ഭാരത് ബയോടെക്കിന്റെ ഗവേഷണം.
ആദ്യഘട്ടം വിജയം കണ്ടാൽ, കൊവിഡിന് ഫലിക്കുമോ എന്ന രണ്ടാം ഘട്ടത്തിലേക്ക് നീങ്ങും. ട്രയൽ പൂർത്തിയാക്കാൻ 6 - 7 മാസം വേണം.
കൊവാക്സിൻ ഹരിയാനയിലെ റോഹ്ട്ടക്ക് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ സയൻസസിൽ മൂന്ന് വോളന്റിയർമാരിലാണ് ആദ്യം കുത്തിവച്ചത്. രാജ്യത്തെ പന്ത്രണ്ട് ആശുപത്രികളിലായി 375 വോളന്റിയർമാരിൽ പരീക്ഷിക്കും. കേരളത്തിലെ ആശുപത്രികളൊന്നും ഇല്ല.
സൈകൊവ് - ഡി പരീക്ഷണം അഹമ്മദാബാദിലെ സൈഡസ് റിസർച്ച് സെന്ററിൽ 1,048 വോളന്റിയരിലാണ് നടത്തുന്നത്.
@പരീക്ഷണം ഇങ്ങനെ
കുറേ പേർക്ക് വാക്സിൻ നൽകും. മറ്റുള്ളവർക്ക് 'ഡമ്മി മരുന്ന്' (പ്ലസിബോ ) കുത്തിവയ്ക്കും. വോളന്റിയർമാർക്കും, ഗവേഷകർക്കും തിരിച്ചറിയാൻ കഴിയില്ല. മുതിർന്ന ശാസ്‌ത്രജ്ഞർ മാത്രമാണ് അത് അറിയുന്നത്. ഇതിനെ 'ഡബിൾ ബ്ലൈൻഡ് ക്ലിനിക്കൽ ട്രയൽ' എന്ന് പറയും. വോളന്റിയർമാരുടെ പിരിമുറുക്കം സൃഷ്ടിക്കാവുന്ന മാറ്റങ്ങളും ഗവേഷകരുടെ നിഗമനങ്ങളും ഒഴിവാക്കാനാണിത്. ട്രയൽ കാലാവധി കഴിഞ്ഞേ വാക്സിൻ നൽകിയത് ആർക്കെല്ലാമെന്ന് വെളിപ്പെടുത്തൂ.
@കൊവാക്‌സിൻ
കൊവിഡ് വൈറസിന്റെ നിർവീര്യമാക്കിയ പതിപ്പ് ഉപയോഗിച്ചാണ് നിർമ്മിച്ചത്. ശരീരത്തിൽ പെരുകില്ല. രോഗസാദ്ധ്യതയും ഇല്ല. എന്നാൽ, പ്രതിരോധ വ്യവസ്ഥയെ ഉത്തേജിപ്പിച്ച് വൈറസിനെതിരായ ആന്റിബോഡി ഉൽപ്പാദിപ്പിക്കും.
@സൈക്കോവ് - ഡി
ഇത് ഡി. എൻ. എ വാക്സിനാണ്. ഒരു കരിയർ ഡി. എൻ. എ തന്മാത്രയിൽ (പ്ലാസ്‌മിഡ് ) വൈറസിന്റെ ഡി. എൻ. എ കടത്തിവിട്ട് നിർമ്മിക്കുന്നു. കുത്തിവയ്ക്കുമ്പോൾ വൈറസിന്റെ ഡി. എൻ. എ പ്രതിരോധ വ്യവസ്ഥയെ ഉത്തേജിപ്പിച്ച് ആന്റിബോഡി ഉണ്ടാക്കും.
@ഓർമ്മകൾ ഉണ്ടായിരിക്കും
ആന്റിബോഡി ഉൽപ്പാദിപ്പിക്കുന്നത് പ്രതിരോധ വ്യവസ്ഥയിലെ ബി - സെല്ലുകളാണ്. ഈ കോശങ്ങളിൽ കുറേയെണ്ണം വൈറസിനെ തിരിച്ചറിയുന്ന സ്‌മൃതികോശങ്ങളായി (മെമ്മറി സെൽസ് )തുടരും. പിന്നീട് വൈറസ് സാന്നിദ്ധ്യം ഉണ്ടായാൽ ആന്റിബോഡി ഉൽപ്പാദിപ്പിച്ച് വൈറസിനെ നശിപ്പിക്കും.