ജയ്‌പൂർ: താമസിക്കുന്ന ഹോട്ടലിലെ പുൽതകിടിയിൽ യോഗാഭ്യാസം, സിനിമ പ്രദർശനം, പാചക ക്ളാസ്. രാഷ്‌ട്രീയ അനിശ്ചിതത്വ കൊടുങ്കാറ്റ് ആഞ്ഞുവീശുന്ന ഒരു സംസ്ഥാനത്തിലെ എംഎൽഎമാർക്കാണ് ഇത്തരത്തിൽ സുഖവാസമെന്ന് കണ്ടാൽ പറയുമോ?. ഹോട്ടലിലെ പ്രധാന ഷെഫിന്റെ പരിശീലനത്താൽ പാസ്‌തയും, പിസയും ബട്ടർ നാനുമൊക്കെ ഉണ്ടാക്കാൻ അവർക്ക് പഠിച്ചുകഴിഞ്ഞു. 1960ൽ പുറത്തിറങ്ങിയ ദിലീപ് കുമാർ നായകനായ മുഗൾ-ഇ- അസം സിനിമ അവർ ഒത്തിരുന്നു കണ്ടു.
ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിൻ പൈലറ്റുമായി മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനുളള അഭിപ്രായഭിന്നതകൾ കാരണം റിസോർട്ട് രാഷ്ട്രീയം കൊഴുക്കുന്ന രാജസ്ഥാനിലാണ് ഈ കാഴ്‌ചകൾ. ഗെഹ്‌ലോട്ടിന്റെ പക്ഷത്തുളള എംഎൽഎമാരാണ് ജയ്‌പൂരിലെ ഫെയർമോണ്ട് ഹോട്ടലിൽ കഴിയുന്നത്. എംഎൽഎമാർ ഹാപ്പിയായിരിക്കുന്ന നിരവധി ചിത്രങ്ങളാണ് പുറത്തുവരുന്നത്. സച്ചിൻ പൈലറ്റിനെയും ഒപ്പമുളള 18 എംഎൽഎമാരെയും അയോഗ്യരാക്കിയ സ്‌പീക്കറുടെ നടപടിക്കെതിരെ സച്ചിൻ കോടതിയിൽ സമീപിച്ചിരിക്കയാണ്. കൂടുതൽ എംഎൽഎമാർ മറുകണ്ടം ചാടാതിരിക്കാൻ അശോക് ഗെഹ്‌ലോട്ട് പക്ഷം എംഎൽഎമാരെ ഉടനെ ഫെയർമോണ്ട് ഹോട്ടലിലേക്ക് മാറ്രി. ആശ്വാസത്തോടെ കാണപ്പെടുന്ന എംഎൽഎമാരാരും പക്ഷെ കൊവിഡ് പ്രതിരോധത്തിന് മാസ്‌ക് ധരിച്ചതായി കാണുന്നില്ല. ഇവരെല്ലാം ഒരുമിച്ചിരിക്കുന്നതായുമാണ് കാണുന്നത്.
സച്ചിനൊപ്പമുളള എംഎൽഎമാർക്ക് അച്ചടക്ക നടപടികൾക്കെതിരെ പ്രതികരിക്കാൻ ചൊവ്വാഴ്‌ച വരെയാണ് രാജസ്ഥാൻ ഹൈക്കോടതി സമയം അനുവദിച്ചിരിക്കുന്നത്. ഈ 18 എംഎൽഎമാർ ഡൽഹിയിലെ മനേസറിലുളള റിസോർട്ടിലാണ് ഉളളത്. ബിജെപിയുമായി ആശയവിനിമയം നടത്തിയ രണ്ട് എംഎൽഎമാരെ രഹസ്യ ടേപ്പിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മുൻപ് പാർട്ടി പുറത്താക്കിയിരുന്നു. സച്ചിനൊപ്പമുളള ഈ രണ്ട് എംഎൽഎമാരെയും അറസ്‌റ്റ് ചെയ്യാൻ രാജസ്ഥാൻ പൊലീസ് മനേസറിലെ റിസോർട്ടിൽ എത്തിയിരുന്നു.
എന്നാൽ സർക്കാർ രഹസ്യമായി ഫോൺ ടാപ്പ് ചെയ്യുന്നുണ്ടെന്ന് ബിജെപിയും ആരോപിക്കുന്നു. ബിജെപി രാജസ്ഥാൻ അദ്ധ്യക്ഷൻ സതീഷ് പൂനിയയാണ് ഈ ആരോപണം ഉന്നയിച്ചത്. എന്തായാലും സച്ചിനൊപ്പമുളള വിമത എംഎൽഎമാർക്ക് പ്രതികൂലമായാണ് കോടതി വിധിയെങ്കിൽ അശോക് ഗെഹ്‌ലോട്ട് സർക്കാരിന് ഭീഷണി ഒഴിയും. എന്നാൽ ഇവർക്ക് സഭയിൽ വോട്ട് ചെയ്യാനായാൽ സർക്കാർ നിലംപൊത്തും. ആകെ 200 സീറ്റിൽ 101 സീറ്റാണ് ഭൂരിപക്ഷത്തിന് ആവശ്യം 106 പേർ തങ്ങൾക്കൊപ്പമുണ്ടെന്നാണ് ഗെഹ്‌ലോട്ട് പക്ഷം അവകാശപ്പെടുന്നത്. ചൊവ്വാഴ്ചയോടെ രാഷ്ട്രീയ നാടകത്തിന്റെ ക്ളൈമാക്‌സ് രംഗത്തെ കുറിച്ച് ഏകദേശ ധാരണ ലഭ്യമാകും.