ന്യൂഡല്‍ഹി : ഗല്‍വാന്‍ സംഘര്‍ഷത്തിനു ശേഷം ലഡാക്കില്‍ ഇന്ത്യ ചൈന സൈനികര്‍ മുഖാമുഖം അണിനിരന്നതോടെ യുദ്ധസമാനമായ സാഹചര്യമായിരുന്നു സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍ ഇരു രാജ്യങ്ങളും സൈനിക തലത്തിലും അല്ലാതെയും നടത്തിയ ചര്‍ച്ചകളില്‍ മഞ്ഞുരുകുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുവരുന്നത്. അതിര്‍ത്തിയിലെ സംഭവങ്ങള്‍ നേരിട്ടു കണ്ട് വിലയിരുത്തുന്നതിനായി കഴിഞ്ഞ ദിവസം ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ലഡാക്കിലെ അതിര്‍ത്തി പ്രദേശത്ത് സന്ദര്‍ശനം നടത്തിയിരുന്നു. ഈ സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ സൈന്യത്തിലെ അഭിമാനമായ പാരാ കമാന്റോകളുമായൊത്തുള്ള ചിത്രം ഏറെ വൈറലായിരുന്നു. ഈ ഫോട്ടോയില്‍ ഇന്ത്യന്‍ സേന കരസ്ഥമാക്കിയ രണ്ട് രഹസ്യ ആയുധങ്ങളുടെ ചിത്രമാണ് പുറത്തായിരിക്കുന്നത്.
കരസേനയുടെ പാരാ എസ്എഫ്, വ്യോമസേനയുടെ ഗരുഡ്, നാവികസേനയുടെ മാര്‍ക്കോസ് എന്നീ മൂന്ന് കമാന്‍ഡോ വിഭാഗങ്ങള്‍ ഉപയോഗിക്കുന്നത് ശത്രുക്കള്‍ക്ക് വന്‍ നാശമുണ്ടാക്കുന്ന അത്യാധുനിക ആയുധങ്ങളാണ്. അതിനാല്‍ തന്നെ ഈ ആയുധങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ മറ്റു വിഭാഗങ്ങളിലേതിനെ അപേക്ഷിച്ച് പുറത്ത് വരാറുമില്ല. എന്നാല്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ വെള്ളിയാഴ്ച ലഡാക്ക് സന്ദര്‍ശനത്തില്‍ അദ്ദേഹത്തിന് അടുത്തു നില്‍ക്കുന്ന പാരാ കമാന്‍ഡോയുടെ കയ്യിലുള്ള ഫിന്നിഷ് സ്‌നിപ്പര്‍ റൈഫിളാണ് ഏറെ ചര്‍ച്ചയായത്. ഇതിനൊപ്പം മറ്റൊരു സൈനികന് ധരിച്ചിരിക്കുന്ന അമേരിക്കന്‍ ബാലിസ്റ്റിക് ഹെല്‍മെറ്റും ഏറെ പ്രത്യേകതയുള്ളതാണ്.
സാധാരണ ഉപയോഗിക്കുന്ന റൈഫിളുകള്‍ക്കൊപ്പം അതിര്‍ത്തിയിലുള്‍പ്പടെയുള്ള തന്ത്രപ്രധാന സ്ഥലങ്ങളില്‍ സൈനികര്‍ ഇറ്റാലിയന്‍ അമേരിക്കന്‍ റൈഫിളുകള്‍ ഉപയോഗിക്കാറുണ്ട്, എന്നാല്‍ ഫിന്നിഷ് സ്‌നിപ്പര്‍ റൈഫിള്‍ പാരാ ഫോഴ്‌സ് മാത്രമാണ് ഉപയോഗിക്കുന്നത്. നിര്‍ണായക ഓപ്പറേഷനുകളില്‍ ശത്രുക്കള്‍ക്ക് തിരിച്ചറിയാനാവാതെ മുന്നേറ്റം നടത്തുവാനിത് സഹായിക്കും. ഇത് കൂടാതെ ഫോട്ടോയില്‍ മറ്റൊരു സൈനികന് ധരിച്ചിരിക്കുന്ന ഹെല്‍മറ്റിനും പ്രത്യേകതകളുണ്ട്. അമേരിക്കന്‍ നിര്‍മ്മിത എക്സ്ഫില്‍ ഹൈ കട്ട് ബാലിസ്റ്റിക് ഹെല്‍മെറ്റാണ് ഹെല്‍മെറ്റാണിത്. എ കെ 47 നിന്നുള്ള ബുള്ളറ്റിനെ പോലും പ്രതിരോധിച്ച് സൈനികന്റെ ജീവന്‍ രക്ഷിക്കാന്‍ ഇതിനാവും. വലിയ അളവില്‍ ഈ ഹെല്‍മറ്റ് അതിര്‍ത്തിയിലെ സൈനികര്‍ക്കായി ഇന്ത്യ വാങ്ങുവാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ ഇതിനൊക്കെ മുന്‍പേ ഈ ഹെല്‍മറ്റ് പാരാ കമാന്‍ഡോകളുടെ ശിരസില്‍ അണിയിച്ചിരുന്നു എന്ന രഹസ്യ വിവരമാണ് പുറത്തുവരുന്നത്. ഇന്ത്യന്‍ സൈന്യം ആധുനിക വത്കരണത്തിന്റെ പാതയിലാണ്. ഒരേ സമയം രണ്ട് ശത്രുക്കളെ നേരിടാന്‍ പാകത്തിന് സൈനിക ശേഷി കൈവരിക്കുന്ന യാത്രയിലാണ് ഇന്ന് ഇന്ത്യന്‍ സൈന്യം.