vikas-bhavan

തിരുവനന്തപുരം: നാഥനില്ലാക്കളരിയായി തലസ്ഥാനത്തെ ലേബര്‍ കമ്മിഷണറേറ്റ്. കൊവിഡുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയില്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ കഴിഞ്ഞ ഒരാഴ്ചയിലേറെയായി വികാസ് ഭവനിലെ തൊഴില്‍ ഭവന്‍ നിശ്ചലമായ അവസ്ഥയിലാണ്. നിലവിലെ ലേബര്‍ കമ്മിഷണറായ പ്രണബ് ജ്യോതിനാഥ് ഐ.എ.എസ് ചാര്‍ജ് കൈമാറാതെ അവധിയില്‍ പോയത് കാരണമാണ് നാഥനില്ലാക്കളരിയായി ലേബര്‍ കമ്മിഷണറേറ്റ് മാറാന്‍ കാരണം.

സാധാരണഗതിയില്‍ ഇത്തരം അവസരങ്ങളില്‍ അഡീഷണല്‍ ലേബര്‍ കമ്മിഷണര്‍മാര്‍ക്ക് ചാര്‍ജ് കൈമാറുകയാണ് പതിവ്. എന്നാല്‍ ലേബര്‍ കമ്മിഷണറുടെ ഈ 'പണി' ശരിക്കും തലവേദനയായിരിക്കുന്നത് കേരള പി.എസ്.സിയുടേത് അടക്കമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കാണ്. സുപ്രധാനമായ പല തസ്തികകള്‍ക്കും പ്രായോഗികതാ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തി നല്‍കേണ്ടത് അതാത് സര്‍ക്കിളുകളുടെ ചാര്‍ജുള്ള അസിസ്റ്റന്റ് ലേബര്‍ ആഫീസര്‍മാരാണ്. തിരുവനന്തപുരത്ത് ഇത്തരത്തില്‍ മൂന്ന് സര്‍ക്കിളുകളാണ് നിലവിലുള്ളത്. കൊവിഡുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഇവരില്‍ ആര്‍ക്കും തന്നെ ഓഫീസില്‍ എത്താനും കഴിയുന്നില്ല. മേലധികാരിയുടെ അനുമതി ലഭിക്കാത്തതു തന്നെ കാരണം.


കൊവിഡ് പ്രതിരോധത്തിന്റെ ആദ്യഘട്ടത്തിന്റെ അന്യസംസ്ഥാന തൊഴിലാളികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട് തൊഴില്‍ വകുപ്പിനെ അവശ്യസേവനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഭായിമാരില്‍ വലിയൊരു വിഭാഗത്തെയും നാട്ടിലെത്തിക്കുകയെന്ന ചുമതല നിര്‍വഹിച്ചതോടെ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ അപ്രധാന വകുപ്പായി മാറി. ലേബര്‍ കമ്മിഷണറുടെ അഭാവത്തില്‍ പകരം ചാര്‍ജ് ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് കൈമാറിയെങ്കില്‍ മാത്രമേ പ്രശ്നത്തിന് പരിഹാരമാവുകയുള്ളൂവെന്ന് ജീവനക്കാര്‍ പറയുന്നു. വകുപ്പ് മന്ത്രിയുടെ ആഫീസും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്.