
ലണ്ടൻ: കൊവിഡിനെതിരെ ഓക്‌സ്‌ഫോർഡ് സർവകലാശാല വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്സിൻ മൂന്നാം ഘട്ടത്തിലേയ്ക്ക് കടന്നു. ആശാവഹമായ പുരോഗതിയാണ് കൊവിഡ് വാക്‌സിന്റെ കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലും നടന്നതെന്നും ഇതുവരെയുള്ള ഓരോ ഫലവും ശുഭപ്രതീക്ഷ നൽകുന്നതായും ഗവേഷകർ പറയുന്നു. ഈ വാക്‌സിനേഷന്റെ രണ്ടാം ഘട്ട പരീക്ഷണങ്ങളുടെ ഡാറ്റ അടുത്തയാഴ്ച പ്രസിദ്ധീകരിക്കും.
ലണ്ടനിൽ താമസിക്കുന്ന ജയ്‌പൂർ സ്വദേശിയായ ദീപക് ഓക്സ്ഫോർഡിനായുള്ള മനുഷ്യ പരീക്ഷണങ്ങളിൽ പങ്കെടുത്തു. ദീപക് ഉൾപ്പെടെ ആയിരകണക്കിന് സന്നദ്ധ പ്രവർത്തകരാണ് കൊവിഡ് വാക്സിന്റെ ഓരോഘട്ടത്തിലും പങ്കെടുക്കുന്നത്. വൈറസിനെതിരെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വാക്സിൻ സഹായിക്കുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ ഉറച്ച വിശ്വാസം. ദീർഘകാല പ്രതിരോധശേഷി നൽകുന്ന ഒരു വാക്‌സിനാണ് അണിയറയിൽ ഒരുങ്ങുന്നത്.
ഒരു സുഹൃത്തിൽ നിന്നാണ് സന്നദ്ധപ്രവർത്തകരെ വാക്സിൻ പരീക്ഷണത്തിനായി വിളിക്കുന്നതിനെ കുറിച്ച് കേട്ടതെന്നും ഉടൻ താൻ രജിസ്‌ടർ ചെയ്യുകയുമായിരുന്നുവെന്നാണ് ദീപക് പറയുന്നത്. വാക്സിൻ പരീക്ഷണത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഭാഗ്യമായാണ് കരുതിയത്. തിരഞ്ഞെടുക്കുന്നതിന് മുന്നോടിയായി മൂന്ന് മണിക്കൂറോളം നീണ്ട വലിയോരു സ്ക്രീനിംഗ് ഉണ്ടായിരുന്നുവെന്നാണ് ദീപക് പറയുന്നത്.
സ്ക്രീനിംഗ് കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് തന്നെ തിരഞ്ഞെടുത്ത് കൊണ്ടുള്ള വിവരം ലഭിച്ചത്. സന്നദ്ധപ്രവർത്തകരെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു പരീക്ഷണം. പരീക്ഷണങ്ങളെ തുടർന്നുള്ള ആഴ്ചകളിൽ ഗവേഷകർ ജീവിതശൈലിയിൽ യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്ന് ദീപക് പറഞ്ഞു. കൊവിഡ് വാക്സിൻ വിജയിക്കുമോയെന്ന് ഓർത്ത് വിഷമിക്കാറില്ലെന്നും ഒരു ശ്രമത്തിന്റെ ഭാഗമായതിൽ താൻ സന്തുഷ്ടനാണെന്നുമാണ് ദീപകിന്റെ പ്രതികരണം. തന്റെ പങ്ക് നിർവഹിച്ചതിൽ അതിയായ സന്തോഷം ഉണ്ടെന്നും ദീപക് വ്യക്തമാക്കുന്നു.