lewis

ന്യൂയോർക്ക്: മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ നേതാവും പൊതു പ്രവർത്തകനും അമേരിക്കൻ സെനറ്റംഗവുമായ ജോൺ ലെവിസ് (83) അന്തരിച്ചു. 'ബിഗ് സിക്സ്' എന്നു പേരുകേട്ട ലോകത്തെ ആറു സുപ്രധാന നേതാക്കളിലൊരാളായിരുന്നു.

1963ൽ വാഷിംഗ്ടണിൽ നടന്ന ജനാധിപത്യ സംരക്ഷണ പോരാട്ടങ്ങളിൽ മാർട്ടിൻ ലൂതർ കിംഗ് ജൂനിയറിനൊപ്പം പ്രവർത്തിച്ചയാളാണ് ജോൺ ലെവിസ്. കഴിഞ്ഞ വർഷമാണ് ലെവിസിന് പാൻക്രിയാസ് കാൻസർ ആണെന്ന് തിരിച്ചറിഞ്ഞത്.

ജോർജ്ജിയയിൽ നിന്നുള്ള ഡെമോക്രാറ്റ് നേതാവായ ലെവിസ് അറ്റ്ലാന്റയുടെ ജനപ്രതിനിധിയുമായിരുന്നു.

'ഞാൻ കുറേ യുദ്ധങ്ങളിലേർപ്പെട്ടു. അത് മനുഷ്യന്റെ നിത്യജീവിതത്തിനും സാമൂഹ്യജീവിതത്തിനും വേണ്ടിയായിരുന്നു. സ്വാതന്ത്ര്യം, സമത്വം, മനുഷ്യാവകാശം എന്നിവയായിരുന്നു മുദ്രാവാക്യങ്ങൾ. എന്നാലിന്ന് ഇതാ ഒരു പുതിയ പോരാട്ടം തുടങ്ങുകയാണ്. അത് എന്റെയുള്ളിലെ ശത്രുവിനെതിരെയാണ്.' എന്ന് ട്വിറ്ററിൽ കുറിച്ചുകൊണ്ടാണ് താൻ കാൻസർ ബാധിതനാണെന്ന വിവരം ലെവിസ് പങ്കുവച്ചത്. സംസ്കാരം പിന്നീട് നടക്കുമെന്ന് ലെവിസിന്റെ കുടുംബാംഗങ്ങൾ അറിയിച്ചു. ലിലിയൻ മൈൽസാണ് ഭാര്യ. ഏക മകൻ ജോൺ മൈൽസ് ലെവിസ്.

ജീവിത രേഖ

 1940 ഫെബ്രുവരി 21ന് അലബാമയിലെ ട്രോയിയിൽ കർഷകരായ വില്ലി- എഡ്ഡി ലെവിസ് ദമ്പതികളുടെ മകനായി ജനനം.  ആറുവയസുവരെ വെള്ളക്കാരെ കാണാതെ വളർന്ന ലെവിസ് പതിനൊന്ന് വയസിൽ വർണ വിവേചനം നേരിട്ടറിഞ്ഞു  റേഡിയോയിലൂടെ മാർട്ടിന്‍ ലൂതർ കിംഗ് ജൂനിയറിനെ ശ്രവിച്ചതോടെ അദ്ദേഹത്തിന്റെ ആരാധകനായി  പതിനെട്ടാം വയസിൽ ലൂതർ കിംഗ് ജൂനിയറിനെ നേരിൽ കണ്ടു.  അമേരിക്കൻ ബാപ്റ്റിസ്റ്റ് കോളേജ്, ഫിസ്‌ക് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായി ബിരുദപഠനം  1961ൽ വർണ വിവേചനത്തിനെതിരെ പോരാടുന്ന സംഘടനയായ ഫ്രീഡം റൈഡേഴ്‌സിലെ 13 നേതാക്കളിൽ ഒരാളായി.