tractor

ന്യൂഡല്‍ഹി:കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കര കയറാനാകാതെ വാഹന വിപണി. പുതിയ ഓഫറുകളും പ്രഖ്യാപനങ്ങളും ഒക്കെയായി എല്ലാ വാഹന നിര്‍മാതാക്കളും രംഗത്ത് ഉണ്ടെങ്കിലും വാഹന വില്‍പ്പന കുത്തനെ ഇടിഞ്ഞു.ജൂണില്‍ പുതിയ വാഹന രജിസ്‌ട്രേഷനില്‍ 43 ശതമാനമാണ് ഇടിവ്. 9,67,000 വാഹനങ്ങളാണ് ജൂണില്‍ രജിസ്റ്റര്‍ ചെയ്തത്. 2019-ല്‍ 16,93,569 വാഹനങ്ങളാണ് പ്രാദേശിക ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്തത്.

കൊവിഡ് പ്രതിസന്ധി മൂലം 75 ശതമാനത്തോളം പ്രാദേശിക രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളും കണ്ടെയ്ന്റ്‌മെന്റ് സോണുകളില്‍ ആയിപ്പോയതും വാഹന രജിസ്‌ട്രേഷനെ ബാധിച്ചിട്ടുണ്ട്. റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പ്പനയില്‍ ജൂണില്‍ 35 ശതമാനമാണ് ഇടിവ്. ബജാജ് ഓട്ടോ മെയില്‍ 70 ശതമാനമാണ് വില്‍പ്പന ഇടിവ് നേരിട്ടത്.ടാറ്റ മോട്ടോഴ്‌സ് ജൂണില്‍ ആഗോള തലത്തിലെ മൊത്ത വില്‍പ്പനയില്‍ 64 ശതമാനത്തോളം ഇടിവ് നേരിട്ടിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് ശേഷം 5,000 യൂണിറ്റ് വാഹനങ്ങള്‍ വിറ്റഴിച്ചു എന്നതും ശ്രദ്ധേയമാണ്.

അതേസമയം, ട്രാക്ടര്‍ രജിസ്‌ട്രേഷൻ വിഭാഗത്തില്‍ 2020 ജൂണില്‍ 10 ശതമാനം വളര്‍ച്ച നേടി 44,042 യൂണിറ്റായി.കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 39,962 യൂണിറ്റായിരുന്നു.ഇരുചക്രവാഹന വില്‍പ്പന 38 ശതമാനം ഇടിഞ്ഞ് 10,13,431 യൂണിറ്റായി. 2019 ജൂണില്‍ ഇത് 16,49,475 യൂണിറ്റായിരുന്നു. ജൂണ്‍ മാസത്തിലെ ത്രീ-വീലര്‍ വില്‍പ്പന 80 ശതമാനം ഇടിഞ്ഞ് 10,300 യൂണിറ്റായി.കഴിഞ്ഞ വർഷം 51,885 യൂണിറ്റായിരുന്നു ജൂൺ മാസത്തെ രജിസ്‌ട്രേഷൻ. രജിസ്‌ട്രേഷനില്‍ ഏറ്റവും ഇടിവ് ഉണ്ടായത് ഗുജറാത്തിലാണ് 81.7 ശതമാനം.