k-surendran

കോഴിക്കോട്: മുഖ്യമന്ത്രിയുടെ സ്റ്റാഫംഗത്തിനെതിരെ ആരോപണവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് എതിരെയാണ് സുരേന്ദ്രന്റെ ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന എല്ലാ ഇപടാപടുകളുടെയും ആസൂത്രകൻ രവീന്ദ്രൻ ആണെന്നാണ് സുരേന്ദ്രൻ പറയുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളക്കാരുടെയും മാഫിയസംഘങ്ങളുടെയും കൂടാരമായി മാറി. ഐ.ടി വകുപ്പിൽ നടന്ന എല്ലാ നിയമനങ്ങളും രവീന്ദ്രനും അരുണും ശിവശങ്കറും അറിഞ്ഞുകൊണ്ടാണ്. രവീന്ദ്രൻ അറിയാതെ ഒന്നും നടക്കില്ല. ഓഫീസിലെ കൂടുതൽ ആളുകൾക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ട്. പ്രൈസ് വാട്ടർ ഹൗസ് കൂപ്പറെ മാറ്റിയത് കൊണ്ട് പ്രശ്‌നങ്ങൾ തീരില്ല. പി.ഡബ്ല്യൂ.സിയുടെ മറവിൽ നടന്ന എല്ലാ നിയമനങ്ങളും റദ്ദാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ നടത്തിയ എല്ലാ നിയമനങ്ങളും മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ്. പൊതുജനങ്ങളുടെ മുഖത്തു നോക്കി മുഖ്യമന്ത്രി കള്ളം പറയുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെയും ഒത്താശയോടെയുമാണ് എല്ലാം നടന്നത്. ശിവശങ്കറിനെ സസ്പെൻഡ് ചെയ്ത പിണറായിക്ക് അദ്ദേഹത്തിനെതിരെ ക്രിമിനൽ കേസെടുക്കാൻ ധൈര്യമില്ല. മുഖ്യമന്ത്രിയുടെ ഓഫീസിനകത്ത് അള്ളി പിടിച്ചിരിക്കുന്ന മറ്റുള്ളവർക്കെതിരെയും നടപടി സ്വീകരിക്കണം.

മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് നടത്തിയ അഴിമതിയും കള്ളക്കടത്തും പുറത്തുവരണം. സി.പി.എമ്മിലെ പല ഉന്നത നേതാക്കന്മാരുമായി അടുത്ത ബന്ധമുള്ളവരാണ് സ്വർണക്കടത്തിൽ അകപ്പെട്ടിരിക്കുന്നത്. ഒന്നും അന്വേഷിക്കേണ്ട എന്നുള്ള പിണറായിയുടെ ഒട്ടകപക്ഷിനയം ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും സുരേന്ദ്രൻ പറ‌ഞ്ഞു.