അമേരിക്കയിലെ ഹവായിയിലെ ഹോനോലുലുക്കാർക്ക് ' ടൈക്ക് ' എന്ന ആഫ്രിക്കൻ പിടിയാനയുടെ കഥ ഒരിക്കലും മറക്കാനാകില്ല. തങ്ങളുടെ നാടിന്റെ ചരിത്രത്തിലെ ഇരുണ്ട അദ്ധ്യായമായിരുന്നു ടൈക്കിന്റെ മരണം. ഒരു മനുഷ്യനെ കൂട്ടിലടച്ച് സ്ഥിരമായി മർദ്ദിച്ചാലുള്ള അവസ്ഥ എങ്ങനെ ആയിരിക്കുമോ, അതുപോലെ തന്നെയായിരുന്നു ടൈക്കിന്റെ ജീവിതവും. ഓർമ വച്ചനാൾ മുതൽ സർക്കസ് കൂടാരത്തിനുള്ളിൽ പരിശീലകരുടെ ഉപദ്രവങ്ങൾ സഹിച്ച് ആ പാവം മിണ്ടാപ്രാണി ജീവിച്ചത് 20 വർഷമാണ്. ഒടുവിൽ സഹികെട്ട് രക്ഷപ്പെടാൻ ശ്രമിച്ച ടൈക്ക് മനുഷ്യർക്ക് മുന്നിൽ മദമിളകിയ ആനയായി മാറി. അവസാനം തെരുവിൽ മനുഷ്യർ ടൈക്കിനെ കൊന്നു. !
25 വർഷങ്ങൾക്ക് മുമ്പ്. 1994 ഓഗസ്‌റ്റ് 20ന് പതിവുപോലെ ഹവായിയിലെ സർക്കസ് ഇന്റർനാഷണലിന്റെ കൂടാരത്തിൽ ഷോ അരങ്ങേറുകയാണ്. വടിയുമായി ടൈക്കിന്റെ ട്രെയിനറും പരിചാരകരും സ്റ്റേജിലുണ്ടായിരുന്നു. സ്റ്റേജിലേക്ക് ടൈക്ക് കടന്നു വന്നതും പെട്ടെന്നായിരുന്നു എല്ലാം സംഭവിച്ചത്. ടൈക്ക് പരിചാരകനായ ഡല്ലാസ് ബെക്ക്സ്മിത്തിനെ ആക്രമിച്ചു. ബെക്ക്സ്മിത്തിനെ തൂക്കിയെടുത്ത് എറിഞ്ഞു.
ഇതിനിടെ ബെക്ക്സ്മിത്തിനെ രക്ഷിക്കാൻ ശ്രമിച്ച ടൈക്കിന്റെ ട്രെയിനറായ അലൻ കാംപെല്ലിനെ ടൈക്ക് ചവിട്ടി കൊന്നു. സർക്കസ് കാണാനെത്തിയവരൊക്കെ ജീവനും കൊണ്ട് പരക്കം പാഞ്ഞു. ഇതിനിടെ ടൈക്കും പുറത്തേക്ക് ഇറങ്ങിയോടി. 12 പേർക്കാണ് ഇതിനിടെ ടൈക്കിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. തിരക്കേറിയ തെരുവിലൂടെ ടൈക്ക് ഇറങ്ങി ഓടി കണ്ണിൽക്കണ്ട വാഹനങ്ങളൊക്കെ തട്ടിമാറ്റി.
ഏകദേശം 30 മിനിറ്റ് ടൈക്ക് നഗരത്തിൽ പരിഭ്രാന്തി സൃഷ്ടിച്ചു. മെരുക്കാൻ ശ്രമിച്ച സർക്കസ് പ്രമോട്ടറായ സ്റ്റീവ് ഹിരാനോയെയും ടൈക്ക് ആക്രമിച്ചു. മനുഷ്യരിൽ നിന്നും രക്ഷപ്പെടാനായി ടൈക്ക് തെരുവിലൂടെ ഓട്ടം തുടർന്നു. എന്നാൽ അപ്പോഴേക്കും പൊലീസ് ടൈക്കിനെ പിന്തുടരാൻ തുടങ്ങിയിരുന്നു. പൊലീസ് 86 തവണ ടൈക്കിനെ വെടിവച്ചു. ഒടുവിൽ അത് സംഭവിച്ചു. തെരുവിൽ ജനങ്ങളുടെയും പൊലീസിന്റെയും മുന്നിൽ രക്തത്തിൽ കുളിച്ചു നിന്ന ആ ആന ചരിഞ്ഞു.
1974ൽ മൊസാംബിക്കിലാണ് ടൈക്ക് ജനിച്ചത്. കുഞ്ഞായിരിക്കെ തന്നെ ടൈക്കിന്റെ ലോകം സർക്കസ് കൂടാരമായിരുന്നു. കാഴ്ചക്കാരുടെ മുന്നിൽ വച്ച് ടൈക്കിനെ തല്ലുന്നത് പതിവായിരുന്നു. മരിക്കുന്നതിന് ഒരു വർഷം മുമ്പ് രണ്ട് തവണ ടൈക്ക് സർക്കസിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വിഫലമായിരുന്നു. ടൈക്കിനെ പോലെ നിരവധി ജീവികളാണ് അക്കാലത്ത് സർക്കസിൽ മനുഷ്യന്റെ അടിമകളായി ജീവിച്ചത്.
ചരിയുന്നതിന് മുന്നേ ടൈക്ക് തന്നെ വെടിവച്ചവരെ ദയനീയമായി നോക്കുന്ന ഒരു ചിത്രമുണ്ട്. അന്ന് വരെ സർക്കസ് കൂടാരങ്ങളിൽ കൊടിയ ക്രൂരതകൾ അനുഭവിച്ച മിണ്ടാപ്രാണികൾക്കിടയിൽ രക്തസാക്ഷിയായി ടൈക്ക് മാറി. മൃഗസംരക്ഷകർ വൻ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. ഇന്നും ആർക്കും ടൈക്കിനെ മറക്കാനാകില്ല. ടൈക്കിന്റെ മരണത്തോടെ ഹവായി സർക്കസിൽ പിന്നീട് ആനകളെ ഉപയോഗിച്ചിട്ടില്ല.