600 വർഷം പഴക്കമുള്ള ഗ്രാമമാണ് ഉത്തരാഖണ്ഡിലെ സൗർ. സുർകന്ദ ദേവി ഈ ഗ്രാമത്തിൽ താമസിച്ചിരുന്നുവെന്നാണ് വിശ്വാസം. എന്നാൽ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഗ്രാമത്തിൽ നിന്ന് ആൾക്കാർ പാലായനം ചെയ്യുന്നതാണ് പ്രധാന പ്രശ്നം. ഇതോടെ ആളൊഴിഞ്ഞ കെട്ടിടങ്ങൾ കൂടുതലായി കാണുന്ന സൗർ ഗ്രാമത്തിന് ഗോസ്റ്റ് വില്ലേജ് എന്ന പേരുവീണു.
ഉത്തരാഖണ്ഡിലെ 1,053 ഗ്രാമങ്ങളിൽ ഏറ്റവും കുറവ് താമസക്കാരാണ് സൗറിലുള്ളത്. ഗ്രാമത്തിന്റെ ചീത്തപ്പേര് ഒഴിവാക്കാൻ വൈസ് വാൾ എന്നൊരു പദ്ധതി തന്നെ അവർ നടപ്പാക്കി. ഇതിലൂടെ ഒരു പരിധി വരെ പാലായനത്തെ പിടിച്ചിനിർത്താനും കഴിഞ്ഞു.
2017 സെപ്തംബറിലാണ് പദ്ധതി ആരംഭിച്ചത്. വൈസ് വാൾ പ്രോജക്ട് ടീം വീടുകളെ നിറങ്ങൾകൊണ്ട് അലങ്കരിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഗ്രാമം ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമായി മാറി. കലയിലൂടെ ഗ്രാമീണ ജനതയുടെ സംസ്കാരം അവതരിപ്പിക്കാൻ മുന്നിട്ടിറങ്ങിയ വൈസ് വാൾ പ്രോജക്ട് വിജയകരമായി മുന്നോട്ട് പോയി. ഗ്രാമവാസികളുടെ ജീവിത പാഠങ്ങൾ, അനുഭവങ്ങൾ, മൂല്യങ്ങൾ എന്നിവ ഗ്രാമവാസികളുടെ ചുമരുകളിൽ പെയിന്റിംഗ് രൂപത്തിൽ വരച്ചുചേർത്തു. വൈസ് വാൾ പദ്ധതിയിലൂടെ ഗ്രാമം മഹത്വം കൈവരിക്കുകയും ഉപജീവനത്തിനും വിദ്യാഭ്യാസത്തിനും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ വലിയ സ്വാധീനം ചെലുത്തുകയും ചെയ്തു. പണ്ട് രണ്ടായിരത്തിലധികം ജനസംഖ്യയുണ്ടായിരുന്ന തെഹ്രി ജില്ലയിലെ സൗർ ഗ്രാമം ഡെറാഡൂണിൽ നിന്ന് 110 കിലോമീറ്റർ അകലെയാണ്. പ്രശസ്ത മ്യൂറലിസ്റ്റ് പൂർണിമ സുകുമാറിന്റെ നേതൃത്വത്തിൽ വീടുകളുടെ ചുമരുകളിൽ വര ഇപ്പോഴും പുരോഗമിക്കുകയാണ്.