ലഖ്നൗ: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അശോക് ഗെഹ്‌ലോട്ട് രാഷ്‌ട്രീയ വഞ്ചന കാട്ടിയെന്ന ആരോപണവുമായി ബിഎസ്‌പി അദ്ധ്യക്ഷ മായാവതി. സച്ചിൻ പൈലറ്റുമായി ചേർന്ന് ബിജെപി തന്റെ എംഎൽഎമാരെ വശത്താക്കാൻ കുതിരകച്ചവടം ചെയ്യുന്നെന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അവർ.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അശോക് ഗെഹ്‌ലോട്ടും തന്റെ പാർട്ടിയിലെ എംഎൽഎമാരെ കോൺഗ്രസിലെത്തിച്ചത് കുതിരകച്ചവടത്തിലൂടെയാണെന്ന് മായാവതി ആരോപിച്ചു. അശോക് ഗെഹ്‌ലോട്ട് എംഎൽഎമാരുടെ ഫോണുകൾ ചോർത്തിയിരിക്കുന്നു. ഇത് തെറ്റാണെന്നും രാജസ്ഥാനിൽ പ്രസിഡന്റ് ഭരണം കൊണ്ടുവരണമെന്നും മായാവതി ആവശ്യപ്പെട്ടു. വിമത കോൺഗ്രസ് എംഎൽഎ ആയ ഭൻവാർ ലാൽ ശർമ്മ ബിജെപി നേതാക്കളുമായി സംസാരിക്കുന്ന ശബ്ദസന്ദേശം പുറത്ത് വന്നതിനെ തുടർന്നാണ് മായാവതിയുടെ ഇത്തരത്തിലുളള പ്രതികരണം. ഈ കേസിൽ കേന്ദ്രമന്ത്രി ഗജേന്ദ്രസിംഗ് ശെഖാവത്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട് സർക്കാർ.
ഗെഹ്‌ലോട്ടിന്റെ ആരോപണത്തിനെതിരെ മുൻമന്ത്രി രമേശ് മീണയും രംഗത്തെത്തി. മുൻ സർക്കാരിന്റെ കാലത്ത് എത്ര പണമാണ് ബിഎസ്‌പി എംഎൽഎമാർക്കായി ഗെഹ്‌ലോട്ട് നൽകിയതെന്ന് വെളിപ്പെടുത്തണമെന്ന് മീണ ആവശ്യപ്പെട്ടു. ബിഎസ്‌പിയിൽ നിന്ന് കോൺഗ്രസിലെത്തിയ ആറ് എംഎൽഎമാരിൽ ഒരാളായിരുന്നു രമേശ് മീണ.